സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പണം ലഭിച്ചിട്ടു രണ്ടു മാസം; പ്രധാനാധ്യാപകർ പ്രതിസന്ധിയിൽ
Friday, September 6, 2024 1:51 AM IST
പത്തനംതിട്ട: സമയബന്ധിതമായി സർക്കാർ ഫണ്ട് നൽകാത്തതിനാൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണം, മുട്ട, പാൽ വിതരണം വീണ്ടും പ്രതിസന്ധിയിൽ. പുതിയ അധ്യയനവർഷത്തിൽ ജൂണിലെ തുക മാത്രമാണ് ലഭിച്ചത്.
പാചകക്കാരുടെ പണവും കുടിശികയുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ട, പാൽ വിതരണത്തിനും കുട്ടികളുടെ ഉച്ചഭക്ഷണച്ചെലവ് ഇനത്തിലും പ്രത്യേകം തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപക സംഘടനകളായ കെപിപിഎച്ച്എയും കെപിഎസ്എച്ച്എയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോടതിയുടെ കർശന നിർദേശത്തേ തുടർന്ന് ഉച്ചഭക്ഷണത്തിനും പോഷകാഹാര വിതരണത്തിനും ജൂണിൽ ചെലവായ തുക ലഭ്യമാക്കിയിരുന്നു. എന്നാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചെലവായ തുക ലഭിക്കാത്തതിനാൽ പ്രധാനാധ്യാപകർ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായി.
അഡ്വാൻസായി തുക അനുവദിക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം. പ്രത്യേക പോഷകാഹാര പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ആഴ്ചയിൽ ഒരു മുട്ട പുഴുങ്ങിയതും രണ്ടുതവണ 150 മില്ലിലിറ്റർ വീതം പാലുമാണ് നൽകേണ്ടത്.
കമ്പോളവിലയിലും കുറഞ്ഞ നിരക്കിലാണ് തുക അനുവദിച്ചിട്ടുള്ളത്. സമീപകാലത്ത് സർക്കാർ പുറത്തിറക്കിയ ഉത്തരവനുസരിച്ച് മുട്ടയുടെയും പാലിന്റെയും തുക ഉച്ചഭക്ഷണച്ചെലവ് തുകയിൽ നിന്നും ഒഴിവാക്കി അനുവദിക്കുകയാണ്.
മുട്ടയും പാലും സ്കൂളിൽ എത്തിക്കുന്നതിനുള്ള ചെലവും പാചകവാതകത്തിന്റെ വിലയും അനുവദിച്ചതുമില്ല. കഴിഞ്ഞ രണ്ട് മാസങ്ങളിൽ കടം വാങ്ങിയും മറ്റും ചെലവാക്കിയ തുകയാണ് ഇപ്പോഴും ബാക്കി നിൽക്കുന്നത്. ഇതുസംബന്ധിച്ച ഹൈക്കോടതിയിലെ കേസ് ഓണാവധിക്കുശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
മാർച്ച് വരെ മുട്ട, പാൽ വിതരണത്തിന് ചെലവാക്കിയ തുക എപ്പോൾ അനുവദിക്കും എന്ന ചോദ്യത്തോടു സർക്കാർ വൃത്തങ്ങളിൽനിന്ന് പ്രതികരണവുമില്ല. പ്രൈമറി വിഭാഗത്തിൽ നിലവിൽ ഉണ്ടായിരുന്ന ഉച്ചഭക്ഷണത്തുകയുടെ നിരക്ക് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും മുട്ട, പാൽ വിതരണത്തിനായി ചെലവാകുന്ന മുഴുവൻ തുകയും കമ്പോള നിലവാരമനുസരിച്ച് അനുവദിക്കാൻ സർക്കാർ തയാറാകണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവർ ആവശ്യപ്പെട്ടു.