സ്ഥിരമായി ഏകീകൃത കുർബാന ആരംഭിക്കാതെ കേസുകൾ പിൻവലിക്കില്ല: സംയുക്ത സഭാ സംരക്ഷണ സമിതി
Friday, September 6, 2024 12:45 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവക ദേവാലയങ്ങളിൽ എല്ലാ ദിവസവും ഏകീകൃത കുർബാന അർപ്പിച്ചു തുടങ്ങുന്നതിനുവേണ്ടി വിവിധ കോടതികളിൽ നൽകിയിരിക്കുന്ന കേസുകൾ പിൻവലിക്കേണ്ടതില്ലെന്നു സംയുക്ത സഭാ സംരക്ഷണ സമിതി ഫൊറോന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
സഭ നിർദേശിച്ച കുർബാന നടത്താൻ തയാറാണെന്ന പ്രസ്താവനകളിൽ അല്മായർക്കു വിശ്വാസമില്ല. കോടതിവിധികൾ സഭാതീരുമാനങ്ങൾക്ക് അനുകൂലമാകുമെന്ന് മനസിലായതോടെയാണു കേസുകൾ പിൻവലിപ്പിക്കാനുള്ള ഗൂഢതന്ത്രവുമായി ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്. അതിരൂപതയിലെ 62 പള്ളികളിലാണ് ഏകീകൃത കുർബാനയ്ക്കായി ഇടവകാംഗങ്ങൾ കേസുകൾ നൽകിയിട്ടുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ ചെയർമാൻ മത്തായി മുതിരേന്തി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വിൽസൻ വടക്കുഞ്ചേരി, വർഗീസ് കോയിക്കര, ബേബി പൊട്ടനാനി, കുര്യാക്കോസ് പഴയമഠം, ജോസ് മാളിയേക്കൽ, പോൾ ചെതലൻ, ബിനോയ് തൃപ്പൂണിത്തുറ, അലക്സാണ്ടർ തിരുവാങ്കുളം, ജോൺസൺ കോനിക്കര എന്നിവർ പ്രസംഗിച്ചു.