ഫെഫ്ക നിര്‍ദേശങ്ങള്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും
Friday, September 6, 2024 12:45 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഫെഫ്കയുടെ യോഗത്തിലെ നിര്‍ദേശങ്ങള്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും.
ഫെഫ്കയിലെ 21 സംഘടനകള്‍ മൂന്നു ദിവസമായി കൊച്ചിയില്‍ പ്രത്യേകം യോഗം ചേര്‍ന്നാണു ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നിര്‍ദേശങ്ങള്‍ തയാറാക്കിയത്. ഈ നിര്‍ദേശങ്ങള്‍ ഫെഫ്ക ജനറല്‍ കൗണ്‍സില്‍ ക്രോഡീകരിച്ചാണ് സര്‍ക്കാരിനു കൈമാറുക.
തൊഴിലാളികളുടെ അവകാശം, വിവിധ കരാറുകള്‍ തുടങ്ങി സിനിമയിലെ തൊഴിലന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സംഘടനകള്‍ തയാറാക്കി. ഒപ്പം സംഘടനകളിലെ മുഴുവന്‍ വനിതാ അംഗങ്ങളെയും പങ്കെടുപ്പിച്ച് പ്രത്യേക യോഗവും ചേര്‍ന്നിരുന്നു.
21 സംഘടനകള്‍ വെവ്വേറെ തയാറാക്കിയ നിര്‍ദേശങ്ങള്‍ ഫെഫ്ക ജനറല്‍ കൗണ്‍സില്‍ പരിശോധിക്കും. ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനുശേഷം സംസ്ഥാന സര്‍ക്കാരിന് കൈമാറും.
സര്‍ക്കാര്‍ രൂപീകരിക്കുന്ന സിനിമാ നയത്തില്‍ ഈ നിര്‍ദേശങ്ങള്‍കൂടി പരിഗണിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെടും. മൂന്നു ദിവസത്തിനകം അന്തിമ നിര്‍ദേശങ്ങള്‍ തയാറാക്കാനാണു തീരുമാനം.