വഖഫ് ഭൂമി നിർണയത്തിൽ സ്വതന്ത്ര ജുഡീഷറി ആവശ്യം: കത്തോലിക്ക കോൺഗ്രസ്
Thursday, August 15, 2024 1:25 AM IST
കൊച്ചി: വഖഫ് ഭൂമിയാണെന്ന പേരിൽ നിജപ്പെടുത്തുന്ന ഭൂമിതർക്കങ്ങളിൽ പരിഹാരത്തിന്, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള നീതിന്യായ സംവിധാനം ആവശ്യമാണെന്നു കത്തോലിക്ക കോൺഗ്രസ്. ഇതിനുള്ള കേന്ദ്ര സർക്കാരിന്റെ നിയമഭേദഗതി സ്വാഗതാർഹമാണ്.
വഖഫ് ഭൂമി തർക്കത്തിൽ എല്ലാ മതത്തിലുള്ളവരും ഉൾപ്പെട്ടുപോകാറുണ്ട്. യാതൊരു രേഖകളുമില്ലാതെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളിലുള്ള വസ്തുവകകളുടെ രേഖകൾ ഹാജരാക്കാൻ പ്രദേശവാസികൾ പോകേണ്ടത് വഖഫ് ട്രിബ്യൂണലിലേക്കാണ്.
ഇതിനു വഖഫ് ബോർഡിന് അധികാരം നൽകുന്ന 1995ലെ വഖഫ് ആക്ടിലെ 40-ാം വകുപ്പ് അധികാര ദുർവിനിയോഗത്തിനു കാരണമാകുമെന്നതിനാൽ അത് പൂർണമായും ഒഴിവാക്കാനും ജില്ലാ കളക്ടർമാരിൽ ദൗത്യം നിക്ഷിപ്തമാക്കാനുള്ള ഭേദഗതികൾ പുതിയ ബില്ലിലുണ്ട്.
വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന സംവിധാനം നിഷ്പക്ഷ നിയമത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ഉണ്ടാകേണ്ടത് അനിവാര്യമാണ്. അന്യായമായ അവകാശവാദങ്ങളെയും അധിനിവേശങ്ങളെയും അംഗീകരിക്കാനാവില്ല.
മതസ്വാതന്ത്ര്യത്തെയും വ്യക്തിനിയമങ്ങളെയും മാനിക്കുമ്പോഴും ഒരുവന്റെ വ്യക്തിനിയമം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിൽ അതിൽ വിധി പറയാൻ സ്വതന്ത്ര ജുഡീഷറി ആവശ്യമാണ്. ഉടമസ്ഥതയില്ലാത്ത ഭൂമിപോലും വഖഫ് ആക്കി മാറ്റാൻ നിലവിൽ പറ്റുമെന്നിരിക്കേ, അപ്പീൽ കോടതികൾക്ക് അധികാരം നൽകാത്ത നിയമ നിർമാണങ്ങൾ ഇന്ത്യയെ പിന്നോട്ടടിക്കുന്നതാണ്.
അതുകൊണ്ടുതന്നെ വഖഫ് ബോർഡ് തീരുമാനങ്ങളിന്മേൽ കോടതികളിൽ അപ്പീൽ കൊടുക്കാൻ സാധിക്കും എന്ന പുതിയ ബില്ലിലെ വ്യവസ്ഥ, ക്രമസമാധാന നിലയ്ക്ക് ഭംഗം വരുത്തുന്ന അധിനിവേശങ്ങളെ നിയന്ത്രിക്കാൻ സഹായകമാകുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.