തോട്ടപ്പള്ളിയിലെ ആറ്റോമിക് മിനറല്‍സ് നീക്കം: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ഹര്‍ജി
Wednesday, August 14, 2024 1:50 AM IST
കൊച്ചി: തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് അറ്റോമിക് മിനറല്‍സ് നീക്കാന്‍ രണ്ടു കമ്പനികള്‍ക്ക് അനുമതി നല്കിയ സര്‍ക്കാര്‍ നടപടിയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
സ്പില്‍വേക്ക് മുന്നിലെ മണല്‍ നീക്കണമെന്ന ദുരന്ത നിവാരണ അഥോറിറ്റി ഉത്തരവിന്റെ മറവില്‍ ആറ്റോമിക് മിനറല്‍സ് കടത്താന്‍ കെഎംഎംഎല്‍, ഐആര്‍ഇഎല്‍ എന്നിവയ്ക്ക് അനുമതി നല്‍കിയത് ചോദ്യംചെയ്ത് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജാണു ഹര്‍ജി നല്‍കിയത്.
ഖനനത്തിന് അനുമതി നല്‍കിയത് രാജ്യ സുരക്ഷയ്ക്കു പോലും ഭീഷണിയായതിനാല്‍ മണല്‍ നീക്കത്തിനുള്ള അനുമതി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
കുട്ടനാടിനെ പ്രളയത്തില്‍നിന്നു രക്ഷിക്കാന്‍ സ്പില്‍വേ തുറന്നുകിടക്കണമെന്ന ഉത്തരവിന്റെ മറവിലാണ് മണല്‍നീക്കം. പൊഴിമുഖത്തുനിന്നു മണല്‍ നീക്കാനല്ലാതെ അത് വില്ക്കാന് ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവില്‍ പറഞ്ഞിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ കമ്പനിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയതിനുശേഷവും മണല്‍കടത്ത് നിര്‍ബാധം തുടരുകയാണെന്നാണു ഹര്‍ജിയില്‍ പറയുന്നത്.
തോറിയം ഉള്‍പ്പെടെ അടങ്ങിയ മണല്‍ കടത്തുന്നത് രാജ്യ സുരക്ഷയ്ക്കുതന്നെ ഭീഷണിയാണ്. അതിനാല്‍ സിബിഐ, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.