ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കില്ലെന്നു കേരളം
Thursday, July 25, 2024 2:26 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ഭൂമികൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി നിരക്ക് കുറയ്ക്കണമെന്ന കേന്ദ്രനിർദേശം കേരളം നടപ്പാക്കില്ല. ഭൂമികൈമാറ്റത്തിനായി ഉയർന്ന സ്റ്റാംപ് ഡ്യൂട്ടി ഈടാക്കുന്ന സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന കേന്ദ്ര ബജറ്റിലെ നിർദേശമാണു കേരളം തള്ളുന്നത്.
സംസ്ഥാനത്തിന്റെ പരിമിതമായ നികുതി അധികാരത്തിന്മേലുള്ള കേന്ദ്ര കടന്നുകയറ്റമെന്നു വ്യാഖ്യാനിച്ചാണു സംസ്ഥാനത്തിന്റെ നടപടി. ഭൂമി കൈമാറ്റം നടക്കുന്പോൾ രാജ്യത്ത് ഉയർന്ന സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം.
ഭൂമിയുടെ ന്യായവിലയുടെ 10 ശതമാനമാണു സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഇനത്തിൽ സംസ്ഥാനം ഈടാക്കുന്നത്. അതായത്, 10 ലക്ഷം രൂപ വിലയുള്ള ഒരു ഭൂമിയുടെ കൈമാറ്റം നടക്കുന്പോൾ ഒരു ലക്ഷം രൂപയാണു സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്.
സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് തേടിയിരുന്നു. ഇതടക്കം സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ഒരു നിർദേശവും ബജറ്റിൽ കേന്ദ്രം അംഗീകരിച്ചില്ല.
സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണമെന്ന നിർദേശം നേരത്തേ തള്ളിയിരുന്നു. ഇതിനു പിന്നാലെ കേരളം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ചർച്ച ചെയ്തു പരിഹരിക്കാനായിരുന്നു നിർദേശം. ഇതോടെയാണു സംസ്ഥാനം പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
വില്പനനികുതിയിനത്തിൽ ഈടാക്കുന്ന മദ്യം, പെട്രോൾ- ഡീസൽ തുടങ്ങിയവയാണു നിലവിൽ സംസ്ഥാനത്തിന്റെ പ്രധാന തനതു നികുതി വരുമാന മാർഗം. ഇതിനു പുറമേ ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ കോടികളാണ് ഖജനാവിലെത്തുന്നത്. എട്ടു ശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ടു ശതമാനം രജിസ്ട്രേഷൻ ഫീസുമാണ് ഈടാക്കുന്നത്.
വരുമാന വർധനയ്ക്കായി ഫീസുകളിലും സേവനനിരക്കുകളിലും വർധന വരുത്താൻ നിർദേശിച്ചിട്ടുണ്ട്. വകുപ്പു സെക്രട്ടറിമാർ നൽകുന്ന ഇത്തരം ശിപാർശകൾ വൈകാതെതന്നെ സർക്കാർ പരിശോധിക്കും.
ഇതിനിടെയാണ് സ്റ്റാംപ് ഡ്യൂട്ടിയിൽ കുറവു വരുത്തണമെന്ന കേന്ദ്രനിർദേശംകൂടി എത്തി സംസ്ഥാനത്തിനു തലവേദന സൃഷ്ടിക്കുന്നത്.