പട്ടികജാതി-വർഗ അതിക്രമ നിയമപ്രകാരമുള്ള കേസുകൾ; വിചാരണയ്ക്ക് എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കും
Thursday, July 25, 2024 1:44 AM IST
തിരുവനന്തപുരം: പട്ടികജാതി-വർഗ അതിക്രമ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്ക് എറണാകുളം കേന്ദ്രമാക്കി പ്രത്യേക കോടതി സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കോടതിയുടെ പ്രവർത്തനത്തിനായി പുതുതായി മൂന്നു തസ്തികകൾ സൃഷ്ടിക്കും. ഇടമലയാർ കേസുകളുടെ വിചാരണയ്ക്കു സ്ഥാപിച്ച താത്കാലിക കോടതിയിൽനിന്ന് ആറു തസ്തികകളും മാറാട് കേസുകളുടെ വിചാരണയ്ക്കായി സ്ഥാപിച്ച താത്കാലിക കോടതിയിൽനിന്ന് ഒരു തസ്തികയും ട്രാൻസ്ഫർ ചെയ്യും.
സ്പെഷൽ ജഡ്ജ് (ജില്ലാ ജഡ്ജ്)- ഒന്ന്, ബെഞ്ച് ക്ലാർക്ക് -ഒന്ന്, കോണ്ഫിഡൻഷൽ അസിസ്റ്റന്റ് -ഒന്ന് എന്നിങ്ങനെ മൂന്നു തസ്തികകൾ പുതുതായി സൃഷ്ടിക്കുക. ശിരസ്തദാർ- 1, യുഡി ക്ലർക്ക്- 1, എൽഡി ടൈപ്പിസ്റ്റ് - 1, ഡഫേദാർ- 1, ഓഫീസ് അറ്റൻഡന്റ് - 2, കോർട്ട് കീപ്പർ- 1 എന്നിങ്ങനെ എഴ് തസ്തികകളാണ് താത്കാലിക കോടതികളിൽനിന്നു ട്രാൻസ്ഫർ ചെയ്യുന്നത്.