കേരളത്തെ അവഗണിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ
Wednesday, July 24, 2024 2:51 AM IST
ജോസ് കെ. മാണി
ന്യൂഡൽഹി: ഭരണം നിലനിർത്താൻ കേന്ദ്രബജറ്റിനെ പണയം വയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി. ആന്ധ്ര, ബിഹാർ നിയമസഭകളിലായിരുന്നു ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നത്. കേരളത്തോട് കേന്ദ്രസർക്കാർ കാണിച്ചത് മാപ്പർഹിക്കാത്ത വിവേചനമാണ്. കേരളത്തിലെ മലയോര മേഖലയിലെ ഏലം, കാപ്പി കുരുമുളക്, തേയില തുടങ്ങിയ നാണ്യവിള കർഷകരെ സന്പൂർണമായും അവഗണിച്ച ഒരു ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നും ജോസ് കെ. മാണി കുറ്റപ്പെടുത്തി.
ഹൈബി ഈഡൻ
സർക്കാരിനെ നിലനിർത്തുന്നതിനുവേണ്ടി ഫെഡറലിസത്തെ പരിപൂർണമായി തകർക്കുന്ന ബജറ്റാണ് ഇത്തവണ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. സംസ്ഥാനങ്ങൾക്കു വേണ്ടത്ര പരിഗണന നൽകാതെ അധികാരം പിടിച്ചുനിർത്തുന്നതിനാവശ്യമായ സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ച ബജറ്റ് തീർത്തും നിരാശാജനകമാണ്.
കേരളത്തെ പൂർണമായും തഴഞ്ഞു. പ്രധാന റെയിൽവേ പദ്ധതികൾക്കോ കൊച്ചി മെട്രോ റെയിലിനോ യാതൊന്നും അനുവദിച്ചിട്ടില്ല. ടൂറിസം രംഗത്തും കേരളത്തിന് ഒന്നും ലഭിച്ചില്ല. ബിഹാറും ആന്ധ്രയും മാത്രമായി കേന്ദ്രബജറ്റ് ചുരുങ്ങിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കെ. സുധാകരൻ
എൻഡിഎ മുന്നണിയുടെ സങ്കുചിത താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയപ്രേരിത ബജറ്റാണ് മൂന്നാം മോദിസർക്കാരിന്റെ കന്നിബജറ്റ്. എൻഡിഎയുടെ ഘടകക്ഷികൾക്ക് പരിഗണന നൽകിയതിനപ്പുറം ജനപ്രിയ പദ്ധതികളൊന്നുമില്ല.സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാൻ ഒരു സഹായവും പ്രഖ്യാപിക്കാത്തത് നിരാശാജനകമാണ്. കേരളത്തോടുള്ള അവഗണനയ്ക്കെതിരേ എല്ലാവരുടെയും യോജിച്ചുള്ള സമരം അനിവാര്യമാണ്.
ബെന്നി ബഹനാൻ
ബജറ്റ് സന്പൂർണമായും നിരാശാജനകമാണ്. കേരളത്തിനായി ഒന്നുംതന്നെ വകയിരുത്തിയിട്ടില്ല. ടൂറിസം രംഗത്തെക്കുറിച്ച് പറഞ്ഞപ്പോൾപോലും കേരളത്തെ ഒരു രീതിയിലും പരിഗണിച്ചില്ല. തീർഥാടന ടൂറിസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേന്ദ്രം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സന്പൂർണമായും അവഗണിച്ചു.
കൊടിക്കുന്നിൽ സുരേഷ്
പിന്തുണയ്ക്കുന്നവരെ പിന്താങ്ങുന്ന മോദി മോഡൽ വിവേചനമാണ് ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. കേരളം നേരിടുന്ന സാന്പത്തിക പ്രതിസന്ധി മാറ്റാൻ പ്രത്യേക സാന്പത്തിക പാക്കേജ്, ഉയർന്ന ജിഎസ്ടി വിഹിതം, റബറിന് ഉയർന്ന താങ്ങുവില, നെൽകർഷകർക്ക് കടാശ്വാസം, രണ്ടാം കുട്ടനാട് പാക്കേജ്, എയിംസ്, പ്രത്യേക റെയിൽവേ സോണ്, തുടങ്ങിയവയൊന്നും കേരളത്തിന് അനുവദിച്ചില്ല.
എം.കെ. രാഘവൻ
കേരളത്തിന്റെ ആവശ്യങ്ങളെ എന്നത്തെയുംപോലെ കേന്ദ്രസർക്കാർ നിരാകരിച്ചു. ഇന്ത്യയുടെ കാർഷികമേഖല 2023-24 സാന്പത്തികവർഷം 1.4% എന്ന നിരക്കിലാണ് വളർന്നത്. 2022-23ൽ 4.7% വളർച്ചാനിരക്കായിരുന്നു കാർഷിക മേഖലയിൽ ഉണ്ടായിരുന്നത്.
കന്നുകാലികൾ, മത്സ്യബന്ധനം തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾ പരന്പരാഗത വിളകളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതായി ഇക്കണോമിക് സർവേ പറയുന്നു. പക്ഷേ ഈ മേഖലയ്ക്ക് എന്തു നൽകി എന്നത് ചോദ്യമാണ്. ഇന്ത്യക്ക് പ്രതിവർഷം ശരാശരി 78.5 ലക്ഷം തൊഴിലവസരങ്ങൾ കാർഷികേതര മേഖലയിൽ 2030 നകം സൃഷ്ട്ടിക്കേണ്ടതായിട്ടുണ്ട്. അതു നടക്കുന്നില്ല എന്നതും യാഥാർഥ്യമാണ്.
കാൻസർ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയത് സ്വാഗതാർഹമാണ്. എന്നാൽ, ജീവ രക്ഷാ മരുന്നുകളുടെ തീരുവ കുറച്ചില്ല. അതുകൊണ്ടുതന്നെ ബജറ്റ് കഴിഞ്ഞ പത്ത് വർഷത്തെയുംപോലെ കോർപറേറ്റുകൾക്ക് അനുകൂലമായതു തന്നെയെന്നു മാത്രമല്ല, സാധാരണക്കാരന്റെ ഒരു പ്രശ്നത്തെയും അഭിമുഖീകരിച്ചില്ല.