നിധി കിട്ടിയെന്നു പറഞ്ഞ് നാലുലക്ഷം തട്ടിയെടുത്ത് പുഴയിൽ ചാടിയ നാലംഗസംഘം അറസ്റ്റിൽ
Wednesday, July 24, 2024 2:50 AM IST
ചാലക്കുടി: നിധിയുടെ പേരിൽ കബളിപ്പിച്ച് വ്യാജസ്വർണം നൽകി നാലു ലക്ഷം രൂപ തട്ടിയെടുത്തു കടന്നുകളയുമ്പോൾ ട്രെയിൻ വരുന്നതുകണ്ട് റെയിൽവേ പാലത്തിൽനിന്നും പുഴയിലേക്കുചാടിയ നാലുപേരെ പെരുമ്പാവൂരിൽനിന്നു പോലീസ് അറസ്റ്റുചെയ്തു.
ആസാം സ്വദേശികളായ മുഹമ്മദ് സിറാജുൽ ഇസ്ലാം (26), അബ്ദുൽ കലാം (26), ഗുൽജാർ ഹുസൈൻ (27), മുഹമ്മദ് മുസ്മിൽ ഹഖ് (24) എന്നിവരെയാണു ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്. പുഴയിലേക്കു ചാടാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് കൈക്കു പരിക്കേറ്റ അബ്ദുൾ കലാം പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയായിരുന്നു നാടകീയസംഭവങ്ങളുടെ തുടക്കം. നിധി കിട്ടിയെന്നു പറഞ്ഞാണ് കോഴിക്കോട് നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരെ പ്രതികൾ ചാലക്കുടിയിലെത്തിച്ചത്.
നാദാപുരത്തു ജെസിബി ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന മുഹമ്മദ് സിറാജുൽ ഇസ്ലാം തങ്ങളുടെ സുഹൃത്തിനു കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചെന്നും തൃശൂരിലെത്തി ഏഴു ലക്ഷം രൂപ നൽകിയാൽ വൻ ലാഭത്തിനു സ്വർണം തരാമെന്നും ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു.
സ്വർണഇടപാടിനായി തൃശൂരിലെത്തിയെങ്കിലും അവിടെവച്ചു സ്വർണം കൈമാറുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞ് ചാലക്കുടി റെയിൽവേ സ്റ്റേഷനിലേക്കു പോകാമെന്ന് അറിയിച്ചു. ഇതിനിടെ കൂട്ടുപ്രതികളും കൂടെ ചേർന്നു.
ചാലക്കുടി റെയിൽവേ സ്റ്റേഷനിലെത്തി ഇവർ മുൻകൂറായി നാലുലക്ഷം നൽകാമെന്നും സ്വർണം വിറ്റശേഷം ബാക്കി തുക നൽകാമെന്നും കരാറായി. ലഭിച്ച സ്വർണം മുറിച്ചു പരിശോധിച്ചപ്പോളാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്.
പണവുമായി ട്രാക്കിലൂടെ ഓടിയ പ്രതികളെ ഇടപാടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. റെയിൽവേ പാലത്തിലൂടെ ഓടി രക്ഷപ്പെടുന്നതിനിടെയാണ് ട്രെയിൻ വരുന്നതും നാലു പേരും പുഴയിലേക്ക് എടുത്തുചാടുന്നതും.
ഇതിനിടെ അബ്ദുൽ കലാമിനെ ട്രെയിൻ തട്ടി. ലോക്കോ പൈലറ്റ് ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമെന്നും ലഭിച്ചില്ല.
ഫയർഫോഴ്സ് പുഴയിൽ വളരെ നേരം തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് നാദാപുരം സ്വദേശികൾ നാലുലക്ഷം രൂപ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നത്.
കാർ വാങ്ങാനായാണ് എത്തിയതെന്നും അതിനുവേണ്ടി നൽകിയ പണമാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് പോലീസ് സ്റ്റേഷനിൽ പറഞ്ഞത്. കൂടുതൽ ചോദ്യംചെയ്തതോടെയാണ് നിധിയുടെ കഥ വെളിപ്പെട്ടത്.
പരിക്കേറ്റയാൾ അടക്കമുള്ള സംഘം പുഴ നീന്തിക്കയറി മുരിങ്ങൂരിൽനിന്ന് ഓട്ടോറിക്ഷയിൽ കയറി പോയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ആസാംകാരനായ ഒരാൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ വീണുപരിക്കേറ്റതായി പറഞ്ഞ് അഡ്മിറ്റായതായി കണ്ടെത്തി. ഇയാളുടെ വിവരങ്ങൾ ശേഖരിച്ചപ്പോൾ ചികിത്സയിലുള്ള ആൾ സംഘാംഗംതന്നെയെന്ന് ഉറപ്പിച്ചു. ഇതരസംസ്ഥാനക്കാർ താമസിക്കുന്ന ക്യാന്പുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരെ പിടികൂടിയത്.
തട്ടിയെടുത്ത പണത്തിൽനിന്ന് 50,000 രൂപ ചികിത്സയ്ക്കുവേണ്ടി കെട്ടിവച്ചിരുന്നു. 80,000 രൂപ കടങ്ങൾ വീട്ടിയെന്നും ബാക്കി പണം ഒളിപ്പിച്ചതായും പ്രതികൾ പോലീസിനോടു സമ്മതിച്ചു.