മഴക്കുറവ് നികത്തി വേനൽമഴ
Thursday, May 23, 2024 2:39 AM IST
തിരുവനന്തപുരം: ഏപ്രിൽ അവസാനം വരെ കൊടുംചൂടിൽ വലഞ്ഞ കേരളത്തിൽ ദിവസങ്ങളായി തിമിർത്തു പെയ്യുന്ന വേനൽ മഴ, കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് 61 ശതമാനം മഴക്കുറവ് നികത്തി.
മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്യേണ്ടിയിരുന്നത് 273 മില്ലിമീറ്റർ മഴയാണ്. ഇതിൽ 272.9 മില്ലിമീറ്റർ മഴയും ഇന്നലെയോടെ ലഭിച്ചുകഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മേയ് ഒന്നിന് 61 ശതമാനമായിരുന്നു സംസ്ഥാനത്ത് മഴക്കുറവ്. കഴിഞ്ഞ മൂന്നാഴ്ചയിൽ പെയ്ത കനത്ത മഴയിൽ ഈ മഴക്കുറവ് പരിഹരിക്കപ്പെട്ടു. ഈ മൂന്നാഴ്ചയിൽ പെയ്തിറങ്ങിയത് 166.49 മില്ലിമീറ്റർ മഴയാണ്. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 30 വരെ 106.43 മില്ലിമീറ്റർ മഴ പെയ്ത സ്ഥാനത്താണ് കഴിഞ്ഞ 21 ദിവസത്തിനിടെ സംസ്ഥാനത്ത് ഇത്ര വലിയ അളവിൽ മഴ പെയ്തതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ദിവസങ്ങളായി മഴ തിമിർത്തു പെയ്തതോടെ മഴക്കുറവിൽ വലഞ്ഞിരുന്ന ഭൂരിഭാഗം ജില്ലകളിലും ഇതുവരെ കിട്ടേണ്ട ശരാശരി മഴ കിട്ടിക്കഴിഞ്ഞു. ആറു ജില്ലകളിൽ അധികമഴയും ലഭിച്ചു. ഈ വേനൽക്കാലത്ത് സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.
ഇന്നലെ വരെ 42 ശതമാനം അധികമഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്. പാലക്കാട് ജില്ലയിൽ 34 ശതമാനവും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 10 ശതമാനം വീതവും കണ്ണൂർ ജില്ലയിൽ ഏഴ് ശതമാനവും തൃശൂർ ജില്ലയിൽ രണ്ട് ശതമാനവും അധികമഴ ലഭിച്ചു.
ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇടുക്കി ജില്ലയിലാണ് നിലവിൽ ഏറ്റവും മഴക്കുറവുള്ളത്, 34 ശതമാനമാണ് ജില്ലയിലെ മഴക്കുറവ്. കാസർഗോഡ് ജില്ലയിൽ 16 ശതമാനവും കൊല്ലം ജില്ലയിൽ 15 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി.
മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്ത വേനൽമഴയുടെ കണക്കുകൾ ജില്ല തിരിച്ച് മില്ലിമീറ്ററിൽ. ജില്ല-പെയ്ത മഴ (പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ
ആലപ്പുഴ-306.7 (325).
കണ്ണൂർ-186.8 (175.4).
എറണാകുളം-298.4 (303.8).
ഇടുക്കി-231.5 (349.3).
കാസർഗോഡ്-139.4 (166.4).
കൊല്ലം-296.6 (349.9).
കോട്ടയം-378.2 (342.9).
കോഴിക്കോട്-216.2 (235.6).
മലപ്പുറം-224.3 (228.8).
പാലക്കാട്-265.4 (198).
പത്തനംതിട്ട-468.3 (424.7).
തിരുവനന്തപുരം-427.9 (301.9).
തൃശൂർ-247.8 (242.2).
വയനാട്-201.9(203.3).