ഡിജിറ്റല്‍ തെളിവുകളുടെ സൂക്ഷിപ്പ്; സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു കോടതി
Thursday, May 23, 2024 1:57 AM IST
കൊച്ചി: ലൈംഗികാതിക്രമങ്ങളുടെ ഉള്ളടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കോടതികളില്‍ സൂക്ഷിക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ ബന്ധപ്പെട്ട കോടതികള്ക്കുവേണ്ടി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ നല്കിയ ഉപഹർജിയിലാണ് ജസ്റ്റീസ് കെ. ബാബുവിന്റെ ഉത്തരവ്.
തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണു ജില്ലാ കോടതികളുടെ ചുമതലയുള്ള രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നടി നല്കിയ കേസിലെ എതിര് കക്ഷികളായിരുന്ന സംസ്ഥാന സര്‍ക്കാര്‍, ആഭ്യന്തര വകുപ്പ്, ഡിജിപി, എഡിജിപി (ക്രൈംസ്), ആലപ്പുഴ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി എസ്പി, സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബ് എന്നിവരാണ് ഹർജിക്കാര്‍.
ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ അധികൃതരില്‍നിന്നു വിശദാംശം തേടി റിപ്പോര്‍ട്ട് നല്കാന് പ്രോസിക്യൂഷന് ഡയറക്ടര്‍ക്കും കോടതി നിര്‍ദേശം നല്കി. തുടര്‍ന്ന് ഹർജി 27ന് പരിഗണിക്കാന്‍ മാറ്റി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പട്ട മെമ്മറി കാര്‍ഡ് ജുഡീഷല്‍ കസ്റ്റഡിയിലിരിക്കേ അനധികൃതമായി തുറന്നു പരിശോധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി ഹർജി നല്‍കിയിരുന്നു.
മെമ്മറി കാര്‍ഡിന്റെ അനധികൃത പരിശോധന സംബന്ധിച്ച് എറണാകുളം സെഷന്‍സ് കോടതിയുടെ അന്വേഷണത്തിന് കഴിഞ്ഞ ഡിസംബര്‍ ഏഴിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.