നഴ്സിംഗ് കോളജുകളിലെ അഫിലിയേഷൻ നടപടികൾ മുടങ്ങി
Wednesday, May 22, 2024 1:34 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: അഫിലിയേഷൻ നടപടികൾ പോലും ആരംഭിക്കാൻ പറ്റാത്ത സ്ഥിതിയിൽ സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളജുകൾ. നഴ്സിംഗ് കോളജുകളിൽ അഫിലിയേഷനു മുന്നോടിയായുള്ള പരിശോധന ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നല്കിയാൽ മാത്രമേ കോളജുകൾക്ക് അഫിലിയേഷൻ ലഭിക്കുകയുള്ളൂ.
അഫിലിയേഷൻ ലഭിക്കുന്ന കോളജുകളുടെ പ്രോസ്പെക്ടസുകൾക്ക് അംഗീകാരം നല്കേണ്ടത് പ്രവേശന മേൽനോട്ട സമിതിയാണ്. ഫീസ് ഘടന ഉൾപ്പെടെയുള്ളവ പ്രോസ്പെക്ടസിലാണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ 119 നഴ്സിംഗ് കോളജുകളാണ് പ്രവർത്തിക്കുന്നത്.
ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനു കീഴിലും സ്വകാര്യ മാനേജ്മെന്റ് അസോസിയേഷനു കീഴിലും സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലും പ്രവർത്തി ക്കുന്ന കോളജുകളും ഇതിൽ പെടുന്നു.
മുൻ വർഷങ്ങളിൽ പ്ലസ് ടു ഫലപ്രഖ്യാപനം വരുന്നതിനു പിന്നാലെ നഴ്സിംഗ് പ്രവേശന നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, ഇക്കുറി പ്ലസ് ടു ഫലം വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രവേശന നടപടികൾ സംബന്ധിച്ച് ഒരു ചുവടും മുന്നോട്ടു പോയിട്ടില്ല.
ഒരുവശത്ത് അഫിലിയേഷനു മുന്നോടിയായുള്ള പരിശോധന സംബന്ധിച്ച് നഴ്സിംഗ് കൗണ്സിലും സർക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത നിലനില്ക്കുന്നു. മറു വശത്ത് 2107 മുതൽ അപേക്ഷാ ഫീസിന്റെ 18 ശതമാനം ജിഎസ്ടി നല്കണമെന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ മാനേജ്മെന്റുകൾ ഉറച്ചുനിൽക്കുന്നു.
ഇക്കാര്യത്തിൽ കഴിഞ്ഞ ആഴ്ച ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറി മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തിയപ്പോൾ ആശാവഹമായ പുരോഗതി ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്മെന്റുകൾ. വീണ്ടും ചർച്ചയ്ക്കു വിളിക്കുമെന്ന ഉറപ്പിലായിരുന്നു അന്ന് യോഗം അവസാനിച്ചത്.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ 18 ശതമാനം ജിഎസ്ടി അയ്ക്കണമെന്ന നിർദേശം സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കി. ഇതോടെ സർക്കാരും മാനേജ്മെന്റും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായി. കേരളത്തിൽ പ്രവേശനനടപടികൾ വൈകുകയും അന്യ സംസ്ഥാനങ്ങളിൽ നടപടികൾ ആരംഭിക്കുകയും ചെയ്തതോടെ വിദ്യാർഥികൾ അന്യ സംസ്ഥാനങ്ങളിൽ പ്രവേശനം നേടിയാലും അദ്ഭുതപ്പെടേണ്ടതില്ല.
മന്ത്രിയുമായി ചർച്ച ഇന്ന്
നഴ്സിംഗ് പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ആരോഗ്യമന്ത്രി വീണാ ജോർജ് സ്വകാര്യ നഴ്സിംഗ് കോളജ് പ്രതിനിധികളെ ചർച്ചയ്ക്കു വിളിച്ചു. മന്ത്രിയുടെ ചേംബറിലാണ് ചർച്ച.