നാല് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു
Wednesday, May 22, 2024 12:51 AM IST
തൊടുപുഴ: നാല് വയസുകാരൻ കാൽവഴുതി കുളത്തിൽ വീണുമരിച്ചു. പൂമാല കൂവക്കണ്ടം മുണ്ടാട്ടുചുണ്ടയിൽ വൈഷ്ണവ്-ഷാലു ദന്പതികളുടെ മകൻ ധീരവ് (4) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11-ഓടെ വല്യമ്മയോടൊപ്പം പശുവിനെ മേയ്ക്കാൻ പോകുന്നതിനിടെയാണ് അപകടം.
കുട്ടിയെ പറന്പിൽ നിർത്തിയ ശേഷം പശുവിനെ കെട്ടാനായി വല്യമ്മ മാറി. പശുവിനെ കെട്ടിയതിനുശേഷം നോക്കുന്പോൾ കുട്ടിയെ കണ്ടില്ല. കുട്ടി വീട്ടിലേക്ക് പോയെന്നു കരുതി ഇവർ വീട്ടിലേക്കു മടങ്ങി. എന്നാൽ കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്നു തിരികെ വന്ന് അന്വേഷിച്ചപ്പോൾ കുട്ടിയുടെ ചെരുപ്പ് കുളക്കരയിൽ കണ്ടു.
ഇവർ ബഹളം വച്ചതിനെ തുടർന്ന് സമീപത്ത് തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഓടിയെത്തി കുട്ടിയെ കുളത്തിൽനിന്നു പുറത്തെടുത്തു. ഉടൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ നിറയെ വെള്ളമുണ്ടായിരുന്നു. ചപ്പു ചവറു മൂടിക്കിടന്നിരുന്നതിനാൽ വെള്ളംകിടക്കുന്നത് തിരിച്ചറിയാനാകില്ല.
കുട്ടിയുടെ അമ്മ ഷാലുവിന് ആന്ധ്രയിലും അച്ഛൻ വൈഷ്ണവിന് തിരുവനന്തപുരത്തുമാണ് ജോലി.
കാഞ്ഞാർ പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പന്നിമറ്റം ജയ്റാണി കിൻഡർ ഗാര്ട്ടനിലാണ് ധീരവ് പഠിക്കുന്നത്. സംസ്കാരം പിന്നീട്.