സ്ലീവായുടെ ചിറകിൻ തണലിൽ
Tuesday, March 5, 2024 1:05 AM IST
സിസ്റ്റര് റോസ് ലിന് എംടിഎസ് ബെസ് തോമാ ദയറ, പാലമറ്റം
ക്രൂശിക്കപ്പെട്ടവനും അവന്റെ സ്ലീവായും വലിയ നോന്പിന്റെ നാളുകളിൽ നമ്മുടെ ധ്യാനമനനങ്ങളിൽ നിറയുന്നു. കർത്താവിന്റെ മരണത്തിനു കാരണമായ ഒരു കൊലമരത്തോടുള്ള ആദരവല്ല നമ്മുടെ സ്ലീവാഭക്തി. സഭ സ്ലീവായെ വണങ്ങുന്പോൾ അത് നിർമിച്ചിരിക്കുന്ന തടിയെയോ ലോഹത്തെയോ അല്ല; നമ്മുടെ കർത്താവിനെതന്നെയാണു വണങ്ങുന്നതെന്ന് മാർ നർസായി പഠിപ്പിക്കുന്നത് ശ്രദ്ധേയമാണ്. സുറിയാനി പാരന്പര്യത്തിൽ സ്ലീവായുടെ അടയാളം കൂദാശയായിരുന്നു. നമ്മുടെ പള്ളികളിലും ഭവനത്തിന്റെ കേന്ദ്രഭാഗത്തും സ്ലീവാ പ്രതിഷ്ഠിക്കുന്നു.
കൂദാശകളുടെ പരികർമത്തിലും വിവിധതരം ആശീർവാദപ്രാർഥനകളിലുമൊക്കെ സ്ലീവായുടെ അടയാളത്താലാണ് ആശീർവാദങ്ങൾ നൽകുന്നത്. തിരുനാൾ പ്രദക്ഷിണങ്ങളിലും മൃതസംസ്കാര ശുശ്രൂഷകളിലും സ്വർണവും വെള്ളിയും കൊണ്ടുള്ള മനോഹരമായ സ്ലീവാകൾ നാം സംവഹിക്കാറുണ്ട്.
സഭയിലെ മേൽപ്പട്ടക്കാരും കശീശാമാരും തങ്ങളുടെ കരങ്ങളിൽ സദാ സ്ലീവാ വഹിച്ചിരുന്നു. നമ്മുടെ സ്ത്രീകൾ കഴുത്തിലും പുരുഷന്മാർ കുടുമിയിലും സ്ലീവാ ധരിച്ചിരുന്നതായി വിദേശ മിഷനറിമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്ലീവായടയാളത്താൽ ആശീർവദിക്കപ്പെടുന്പോഴും ത്രിത്വനാമം ഉരുവിടുന്പോഴും സ്വയം സ്ലീവാ വരച്ച് അത് സ്വീകരിക്കുന്ന പതിവും നസ്രാണികൾ പാലിക്കുന്നു.
രാജാവിന്റെ മുദ്രയുള്ളത് രാജാവിന്റെ സ്വന്തമാണ്. മാമ്മോദീസായിൽ സ്ലീവായടയാളത്താൽ മുദ്രിതനായി സഭയിൽ അംഗത്വം നേടുന്ന വ്യക്തി മിശിഹാരാജാവിന്റെ സ്വന്തമാണ്. ജീവിതകാലത്തു നിരവധി തവണ പുരോഹിതരിൽനിന്നു സ്ലീവായുടെ അടയാളത്താൽ ആശീർവാദം സ്വീകരിച്ചും പലപ്രാവശ്യം സ്വയം സ്ലീവാ വരച്ചും കൈവിരിച്ചുനിന്നു പ്രാർഥിച്ചു സ്വയം സ്ലീവായായും തുടരുന്ന അയാൾ സ്ലീവായാൽ അനുഗതനായാണ് ഈ ലോകയാത്ര അവസാനിപ്പിക്കുന്നതും.
മൃതസംസ്കാരശുശ്രൂഷയിലെ പ്രദക്ഷിണവേളയിൽ ഏറ്റവും മുന്പിൽ നീങ്ങുന്ന ഈശോയുടെ രൂപമില്ലാത്ത സ്ലീവാ പരേതന്റെ ഉയിർപ്പിലുള്ള നമ്മുടെ പ്രത്യാശയാണു പ്രഘോഷിക്കുന്നത്. അവസാനവിധിദിവസം, മഹത്വപൂർണനായി കർത്താവു സമാഗതനാകുന്നതിനുമുന്പ് ആകാശത്തിൽ കാണപ്പെടുന്ന മനുഷ്യപുത്രന്റെ അടയാളം സ്ലീവായായിരിക്കുമെന്നതു സഭയുടെ വിശ്വാസമാണ്.
നമ്മുടെ വിശ്വാസത്തിന്റെ മുദ്രയായ, അനുഗ്രഹങ്ങളുടെ ഉറവിടമായ, രക്ഷയുടെ അടയാളമായ, ഉറപ്പുള്ള കോട്ടയായ, ദുഷ്ടാത്മാവിനെതിരേ പടപൊരുതാനുള്ള ആയുധമായ വിശുദ്ധ സ്ലീവായുടെ ചിറകുകളുടെ തണലിൽ നമുക്കു നിരന്തരം അഭയം തേടാം. മാർ അപ്രേമിന്റെ പ്രബോധനം നാം നിരന്തരം ഓർമിക്കണം: “സ്ലീവായുടെ സജീവ അടയാളത്താൽ മകനേ, നിന്റെ എല്ലാ പ്രവൃത്തികൾക്കും നീ മുദ്ര വയ്ക്കണം. സ്ലീവായുടെ അടയാളത്താൽ ആലേഖിതനാകാതെ നീ നിന്റെ പടി വിട്ടിറങ്ങരുത്.
ഭക്ഷിക്കുന്പോഴും പാനം ചെയ്യുന്പോഴും ഉറങ്ങുന്പോഴും ഉന്നർന്നിരിക്കുന്പോഴും വീട്ടിലായിരിക്കുന്പോഴും വഴിയിലായിരിക്കുന്പോഴും വിശ്രമിക്കുന്പോഴും ഈ അടയാളം മറക്കരുത്. നിനക്ക് ഇതിലും ശക്തനായ മറ്റൊരു കാവലാൾ ഉണ്ടായിരിക്കില്ല. നീ എന്തു പ്രവര്ത്തിക്കുന്പോഴും നിന്റ മുന്പാകെ ഒരു മതിലുപോലെ അതു നിലകൊള്ളും. നിന്റെ മക്കൾ അതിനോടു അനുരൂപപ്പെടാൻ നീ അവരെ ശ്രദ്ധയോടെ അതു പഠിപ്പിക്കണം’’.