സിദ്ധാര്‍ഥന്റെ മരണം : കൊലപാതക സാധ്യത ആഴത്തിൽ അന്വേഷിക്കണമെന്ന് പോലീസ്
Monday, March 4, 2024 5:05 AM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാംവർഷ ബിരുദ വിദ്യാർഥി സിദ്ധാർഥന്റേതു കൊലപാതകമാകാനുള്ള സാധ്യതയിൽ വ്യക്തമായ നിഗമനത്തിൽ എത്തിച്ചേരേണ്ടതുണ്ടെന്നു പോലീസ്. കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ടി.എൻ. സജീവൻ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരം. മരണത്തിനു മുന്‍പ് സിദ്ധാർഥനു നേരിടേണ്ടിവന്നത് അതിക്രൂര മർദനമാണെന്നു റിപ്പോർട്ടിൽ പറയുന്നു.
സിദ്ധാർഥന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും ദേഹത്തെ പരിക്കുകൾ ഇക്കാര്യം സാധൂകരിക്കുന്നതാണെന്നും മാതാപിതാക്കളും ബന്ധുക്കളും അധികാരികൾക്കു നൽകിയ പരാതികളിൽ ആരോപിക്കുന്നുണ്ട്.
മാധ്യമങ്ങൾ മുഖേനയും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ആഴത്തിൽ അന്വേഷിച്ച് കൊലപാതകസാധ്യത സംബന്ധിച്ച് വ്യക്തമായ നിഗമനത്തിൽ എത്തിച്ചേരേണ്ടതുണ്ട്. ജാമ്യം അനുവദിച്ചാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അതുവഴി കേസിന്റെ സുഗമമായ അന്വേഷണം തടസപ്പെടുത്താനും സാധ്യതയുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.