കൈ കഴുകി ഡീൻ ഡോ.എം.കെ. നാരായണൻ; സിദ്ധാർഥൻ ഹോസ്റ്റലിൽ പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ലെന്ന്
Monday, March 4, 2024 5:05 AM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് കുന്നുംപുറത്ത് സിദ്ധാർഥന്റെ മരണത്തിൽ കൈ കഴുകി ഡീൻ ഡോ.എം.കെ. നാരായണൻ.
സിദ്ധാർഥൻ ഹോസ്റ്റലിൽ ശാരീരിക-മാനസിക പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ പറഞ്ഞു. സിദ്ധാർഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതായും മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായില്ലെന്നും ഡീൻ അവകാശപ്പെട്ടു.
താൻ താമസിക്കുന്നതു മെൻസ് ഹോസ്റ്റലിൽ അല്ല. റെസിഡന്റ് ട്യൂട്ടറാണ് ഹോസ്റ്റലിൽ താമസിക്കേണ്ടത്. ഈ തസ്തികയിൽ സർവകലാശാല നിയമനം നടത്തിയിട്ടില്ല. വിദ്യാർഥി ഹോസ്റ്റലിൽ ആത്മഹത്യക്കു ശ്രമിച്ചതായി അസിസ്റ്റന്റ് വാർഡനാണ് അറിയിച്ചത്. 10 മിനിറ്റിനകം ഹോസ്റ്റലിലെത്തി. കിടത്തിയ നിലയിലായിരുന്നു ഈ സമയം സിദ്ധാർഥന്റെ ശരീരം. വിദ്യാർഥികളോട് തിരക്കിയപ്പോൾ ശുചിമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചെന്നും വാതിൽ ചവിട്ടിത്തുറന്ന് കെട്ടഴിച്ച് പുറത്തു കിടത്തിയിരിക്കയാണെന്നും അറിയിച്ചു.
ഉടൻ സിദ്ധാർഥനെ വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. മരണവിവരം ഉടനെ വീട്ടുകാരെ അറിയിച്ചു. അവർ കാന്പസിൽ എത്തിയപ്പോൾ സൗകര്യങ്ങൾ ഒരുക്കിയത് താനാണ്. സിദ്ധാർഥന്റെ മരണത്തിനു പിന്നാലെ അസിസ്റ്റന്റ് വാർഡനോടു റിപ്പോർട്ട് തേടി.
ഹോസ്റ്റലിൽ പ്രശ്നങ്ങളുണ്ടായില്ലെന്ന റിപ്പോർട്ടാണ് അസിസ്റ്റന്റ് വാർഡൻ നൽകിയത്. പ്രശ്നങ്ങളുണ്ടായെന്ന് വിദ്യാർഥികളും അറിയിച്ചില്ല. ക്രിമിനൽ കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചിട്ടില്ല- ഡോ.എം.കെ. നാരായണൻ കൂട്ടിച്ചേർത്തു.