കൊയിലാണ്ടിയിലും എസ്എഫ്ഐയുടെ മർദനം: വിദ്യാർഥിക്കു പരിക്ക്, കേസ്
Monday, March 4, 2024 5:05 AM IST
കോഴിക്കോട്: വയനാട് പൂക്കോടിനു പിന്നാലെ കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാര്‍ഥിക്കുനേരെ എസ്എഫ്ഐ മര്‍ദനം. ആര്. ശങ്കര്‍ എസ്എന്‍ഡിപി കോളജിലെ വിദ്യാര്‍ഥി സി.ആര്. അമലിനു മര്‍ദനമേറ്റു. ഇരുപത്തിഞ്ചിലേറെ എസ്എഫ്ഐക്കാര്‍ ചേര്‍ന്ന് തലയിലും മൂക്കിലും മുഖത്തും മര്‍ദിച്ചെന്നാണു പരാതി.
റാഗിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് മര്‍ദനം. മാര്‍ച്ച് ഒന്നിനു കോളജിന് പുറത്തെ ഒഴിഞ്ഞ വീടിന്റെ മുറ്റത്ത് കൊണ്ടുപോയി അമലിനെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുരാഗ് മർദ്ദിക്കുകയായിരുന്നുവെന്നു അമലും പിതാവും കൊയിലാണ്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മറ്റ് എസ്എഫ്ഐ പ്രവർത്തകരുടെ വലയത്തിലാണു മർദ്ദിച്ചത്. മുഖത്തും കണ്ണിലും മൂക്കിലും മാരകമായി മർദ്ദിച്ചു. മൂക്കിനു ചതവും വലതു കണ്ണിനു കാഴ്ചക്കുറവും സംഭവിച്ചു. കോളജിലെ മറ്റൊരു വിദ്യാർഥിയെ മർദ്ദിച്ചതിനു പിന്നിൽ സൂത്രധാരൻ താനാണെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതെന്ന് അമൽ പറഞ്ഞു. തനിക്ക് അതിൽ പങ്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും മർദ്ദനം തുടർന്നുവെന്നും പരാതിയില്‍ പറയുന്നു. മൂക്കിൽ നിന്ന് രക്തം വാർന്ന അമലിനെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ബൈക്ക് അപകടമെന്നാണ് ആശുപത്രിയിൽ ധരിപ്പിച്ചത്.
എസ്എഫ്ഐക്കാരുടെ ഭീഷണിയെത്തുടർന്നാണ് തന്റെ സുഹൃത്തുക്കൾ അങ്ങനെ ചെയ്തതെന്ന് അമൽ വ്യക്തമാക്കി. അമലിന്റെ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു. മൊഴി രേഖപ്പെടുത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് കോളജ് പ്രിൻസിപ്പലും വ്യക്തമാക്കി.
കൊയിലാണ്ടി കൊല്ലം ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയാണ് മർദ്ദനമേറ്റ അമൽ. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.