നാടിന്റെ നൊന്പരമായി അജീഷ്
Monday, February 12, 2024 2:08 AM IST
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷി (അജി-47)നു നാടിന്റെ യാത്രാമൊഴി.
അജിക്ക് യാത്രാമൊഴി നൽകാൻ നാടൊന്നാകെ ഒഴുകിയെത്തി. ചേതനയറ്റ ശരീരം വീട്ടുമുറ്റത്ത് നിന്ന് പള്ളിയിലേക്കെടുത്തപ്പോൾ അടക്കിപ്പിടിച്ച തേങ്ങലുകളെല്ലാം അലമുറകൾക്കു വഴിമാറി.
പ്രിയപ്പെട്ടവന്റെ തണുത്തു മരവിച്ച ശരീരം അവസാന നോക്കു കണ്ടപ്പോൾ ഭാര്യ ഷീബ ഏങ്ങലടിച്ചു കരഞ്ഞു. മക്കളായ അൽനയും അലനും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മൃതദേഹത്തിനു സമീപം തളർന്നിരുന്നു.
മരണവാർത്ത അറിഞ്ഞതു മുതൽ അജീഷിന്റെ വീട്ടിലേക്ക് ജനപ്രവാഹമായിരു ന്നു. മാനന്തവാടി മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി 9.45ന് വിലാപയാത്രയായാണ് മൃതദേഹം പടമലയിലെ വീട്ടിലെത്തിച്ചത്. അപ്പോഴും നൂറുക്കണക്കിനാളുകൾ വീട്ടിൽ തടിച്ചു കൂടിയിരുന്നു. ശനിയാഴ്ച രാവിലെ തുടങ്ങിയ ജനപ്രവാഹം വിലാപയാത്ര ആരംഭിക്കുന്നത് വരെ തുടർന്നു.
ഉച്ചകഴിഞ്ഞ് 2.50ന് മാനന്തവാടി രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് കൊച്ചറയ്ക്കൽ, പടമല ഇടവക വികാരി ഫാ. ജോർജ് തേരകം എന്നിവർ വീട്ടിലെ മരണാനന്തര ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. 3.30ഓടെ മൃതദേഹം വിലാപയാത്രയായി പടമല സെന്റ് അൽഫോൻസ പള്ളിയിലേക്ക് കൊണ്ടുപോയി. ദേവാലയത്തിൽ നടത്തിയ ശുശ്രൂഷകൾക്ക് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം മുഖ്യകാർമികനായിരുന്നു.