വൈസ് ചാൻസലർ നിയമന നടപടി കടുപ്പിക്കാൻ ഗവർണർ
Sunday, December 3, 2023 1:28 AM IST
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം കടുപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഇതിനു മുന്നോടിയായി വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ നിശ്ചയിച്ചു നൽകാൻ രാജ്ഭവൻ കർശന നിർദേശം നൽകും.
സംസ്ഥാനത്തെ പ്രധാനപ്പെട്ട പല സർവകലാശാലകളിലും വിസിമാരില്ലാത്ത സാഹചര്യത്തിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ കടുപ്പിക്കാനാണു തീരുമാനം. ഇന്നലെ കൊച്ചിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അഞ്ചിനു തിരുവനന്തപുരത്തു മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ തുടർതീരുമാനം എടുക്കും.
സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിന്നിരുന്ന ഗവർണർ നിർദേശിച്ചാൽ സെനറ്റ് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പല സർവകലാശാലകളും സെർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ നിശ്ചയിച്ചു നൽകിയിരുന്നില്ല. ഇതിനാൽ വൈസ് ചാൻസലർ നിയമനത്തിനുള്ള മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരണം നടന്നിരുന്നില്ല.
കേരള സർവകലാശാലയിലെ സെനറ്റ് പ്രതിനിധികളെ സർക്കാരുമായി ആലോചിക്കാതെ ഗവർണർ ഏകപക്ഷീയമായി നിശ്ചയിച്ചിരുന്നു. കൂടാതെ, കണ്ണൂർ വൈസ് ചാൻസലറെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെ സർക്കാരിന്റെ ശിപാർശ തേടാതെ കണ്ണൂർ വിസിയുടെ ചുമതലയും കൈമാറിയിരുന്നു.
ഏകാധിപത്യം
ഇത്തരം ഏകപക്ഷീയ നടപടികളുടെ തുടർച്ചയായാണ് വിസി നിയമന നടപടികളിലേക്കും കടക്കുക. കേരള സർവകലാശാലയിൽ സെനറ്റ് പുനഃസംഘടിപ്പിച്ച സാഹചര്യത്തിൽ സെർച്ച് കമ്മിറ്റി പ്രതിനിധിയേയും വേഗത്തിൽ ലഭ്യമാക്കാനാകുമെന്നാണു രാജ്ഭവൻ കണക്കാക്കുന്നത്.
മുൻപ് ചാൻസലർസ്ഥാനത്തു പിടിമുറുക്കിയ ഗവർണർ, ഹൈക്കോടതി വിധി എതിരായതിനെത്തുടർന്നാണ് സർക്കാരിന്റെ ഉപദേശം സ്വീകരിച്ചിരുന്നത്. സാങ്കേതിക സർവകലാശാലാ വിസി ഡോ. സിസ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ടു സർക്കാരിന്റെ ശിപാർശ അനുസരിച്ചു വിസി നിയമനം നടത്തണമെന്നായിരുന്നു വിധി. എന്നാൽ, ഹൈക്കോടതിക്കു മുകളിൽ സുപ്രീംകോടതി വിധി വന്നതോടെയാണ് സർവകലാശാലാ നിയമനത്തിൽ സർക്കാരിന്റെ സമ്മർദം നിയമനാധികാരി മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നു വ്യക്തമാക്കിയത്.
വിസിമാരുടെ ഒഴിവ്
സംസ്ഥാനത്തെ ഒന്‍പത് സർവകലാശാലകളിൽ നിലവിൽ സ്ഥിരം വിസിമാരില്ല. വിസി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റിയും വൈകാതെ കോടതിയെ സമീപിക്കും. ഇതു ഗവർണറുടെ നീക്കത്തിനു കൂടുതൽ വേഗമേകും. വിസി നിയമനത്തിൽ പിടിമുറുക്കുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബിൽ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. ഇത് അടുത്ത കാലത്തൊന്നും മടങ്ങിവരില്ലെന്നും ഉറപ്പായി.
ഗവർണർക്ക് നോട്ടീസ്
കൊച്ചി: കാലിക്കട്ട് സര്‍വകലാശാല സെനറ്റംഗങ്ങളുടെ നാമനിര്‍ദേശവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു.
സെനറ്റിലേക്ക് വൈസ് ചാന്‍സലര്‍ തയാറാക്കിയ പട്ടികയ്ക്കു പുറത്തുനിന്നുള്ളവരെ ഉള്‍പ്പെടുത്തി ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകനായ പി.വി. കുട്ടന്, ദാമോദര്‍ അവനൂര്‍ എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് വിജു ഏബ്രഹാമാണ് ഗവര്‍ണര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസിന് ഉത്തരവിട്ടത്.