ഐജിഎസ്ടി സെറ്റിൽമെന്റിൽ കേന്ദ്രം 332 കോടി വെട്ടിക്കുറച്ചു: ധനമന്ത്രി
Sunday, December 3, 2023 1:27 AM IST
പാലക്കാട്: കേരളത്തിന്റെ ഐജിഎസ്ടി സെറ്റിൽമെന്റിൽ 332 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതുസംബന്ധിച്ച കേന്ദ്രത്തിന്റെ കത്ത് കഴിഞ്ഞദിവസം ലഭിച്ചതായും തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ധനമന്ത്രി നിർമല സീതാരാമനു കത്തയച്ചതായും മന്ത്രി പറഞ്ഞു.
എന്തുകൊണ്ടാണ് ഈ രീതിയിലുള്ള കുറവു വരുത്തിയതെന്നോ ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണു കുറവു വരുത്തിയിട്ടുള്ളതെന്നോ വ്യക്തമല്ല. അഡ്ഹോക് സെറ്റിൽമെന്റിന്റെ ഭാഗമായുള്ള നടപടിയാണെങ്കിൽ അതിന് അടിസ്ഥാനമാക്കിയ കണക്കുകൾ സംസ്ഥാനത്തിനും കൈമാറണം.
മുൻകാലങ്ങളിൽ ഇതേ രീതിയിൽ നടത്തിയിട്ടുള്ള സെറ്റിൽമെന്റുകളിൽ സംസ്ഥാനങ്ങളിൽനിന്നു തിരിച്ചുപിടിക്കുന്ന തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.