വിസി പുനർനിയമനം റദ്ദാക്കിയ കോടതിവിധി തിരിച്ചടിയല്ല
Saturday, December 2, 2023 2:03 AM IST
ഷൊർണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് സർക്കാരിനു തിരിച്ചടിയെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഷൊർണൂരിൽ നവകേരള സദസ് പ്രഭാത പരിപാടിക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമനത്തിൽ സാങ്കേതികമായി തെറ്റില്ലെന്നു സുപ്രീംകോടതിതന്നെ പറയുന്നു. ഒരു ബാഹ്യസമ്മർദവും ഇക്കാര്യത്തിലുണ്ടായിട്ടില്ല. പുനർനിയമനം ചട്ടപ്രകാരമെന്നു കോടതിതന്നെ പറഞ്ഞിട്ടുണ്ട്. നിയമനം ചട്ടപ്രകാരമല്ലെന്നു പറയുന്നതു ഗവർണറാണ്.
വിധിയിലുള്ളതു കൂടുതലും ഗവർണർക്കെതിരായ പരാമർശങ്ങളാണ്. ഇല്ലാത്ത ബാഹ്യസമ്മർദമുണ്ടെന്നു തെളിയിക്കാനാണു ഗവർണറുടെ ശ്രമം. പ്രോ വൈസ് ചാൻസലർ വൈസ് ചാൻസലർക്ക് അയച്ച കത്താണു ബാഹ്യസമ്മർദമായി ഗവർണർ പറയുന്നത്.
വിധിയില്‍ നിയമനാധികാരിയായ ചാന്സലറെക്കുറിച്ചാണു പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത്. ചട്ടവിരുദ്ധമായത് എന്തെങ്കിലും ഉന്നയിച്ചാല്‍ അത് അംഗീകരിച്ചുകൊടുക്കാനാണോ ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
എജിയുടെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസ് ചാന്‍സലര്‍ക്ക് എത്തിച്ചുനൽകി എന്നുപറയുന്നതു തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് എജിയുടെ നിയമോപദേശം രാജ്ഭവനില്‍ എത്തിച്ചത്. അതിനുമുമ്പ് ചാന്‍സലര്‍ ആവശ്യപ്പെട്ടപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ ചാന്‍സലറെ സന്ദര്‍ശിച്ച് പുനര്‍നിയമനം സംബന്ധിച്ച സര്‍വകലാശാലാ നിയമത്തിലെ വിവിധ വശങ്ങള് വിശദീകരിച്ചുകൊടുക്കുകയാണുണ്ടായത്.
ചാന്‍സലര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. അതിനെയും സമ്മര്‍ദമായാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്.
സ്വയം തീരുമാനം എടുക്കാനുള്ള ചാന്‍സലറുടെ അവകാശത്തെ ഹനിക്കുന്ന ഒരു പ്രവര്‍ത്തനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വസ്തുതകളെ തെറ്റായി അവതരിപ്പിച്ചതിന്റെ പരിണിതഫലമാണ് സുപ്രീംകോടതിയില്‍നിന്ന് അദ്ദേഹത്തിനേറ്റ തിരിച്ചടിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഡോ. ഗോപിനാഥ് രവീന്ദ്രൻ അക്കാദമിക് രംഗത്ത് കഴിവുള്ളയാളാണ്. അദ്ദേഹത്തെ തുരത്താനുള്ള ചില ബാഹ്യശക്തികളുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നവകേരളത്തിൽ കുട്ടികൾ: പരാമർശം വസ്തുതാപരം അല്ല
ഷൊര്‍ണൂര്‍: നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
പരാമര്‍ശം വസ്തുതാപരമല്ലെന്നും വസ്തുതാപരമായ പരാമര്‍ശങ്ങള്‍ മാത്രമേ കോടതിയില്‍നിന്നു വരാന്‍ പാടുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. “കുട്ടികളെ വെയിലത്ത് നിര്‍ത്തിയിട്ടില്ല. നല്ല തണലിലാണ് അവരെ നിര്‍ത്തിയത്. ഏതു വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഹൈക്കോടതി ഈ പറഞ്ഞതെന്ന് അറിയില്ല. എന്റെ ശ്രദ്ധയിലുള്ള കാര്യമല്ല അത്’’- മുഖ്യമന്ത്രി പറഞ്ഞു.