യവനകഥകളിൽ സുപ്രസിദ്ധമായ ഒന്നാണ് പ്രൊമേഥേയൂസിന്റെത്. ഒരു ദുരന്തകഥാപാത്രമായ പ്രൊമേഥേയൂസിന്റെ കഥ അവസാനിക്കുന്നത്, അദ്ദേഹത്തിന്റെ ശിക്ഷ ഏറ്റെടുക്കാനായി ഒരു ദൈവം പ്രത്യക്ഷപ്പെടുമെന്ന ശുഭപ്രതീക്ഷയോടെയാണ്. പാശ്ചാത്യചിന്തയുടെ ആചാര്യനായ സോക്രട്ടീസ് (ബിസി 470 -399) തന്റെ ശിഷ്യരോടു പറഞ്ഞു: വരാനിരിക്കുന്ന സർവജ്ഞാനിയെ കാത്തിരിക്കുക! ദൈവത്തിന്റെയും മനുഷ്യരുടെയും മുന്പാകെ എങ്ങനെ പെരുമാറണമെന്ന് അവൻ പറഞ്ഞുതരും.
ദൈവത്തിന്റെ വഴികൾ പഠിപ്പിക്കുന്ന ഒരു മഹാജ്ഞാനി!! കേരളത്തിൽ നിലവിലുള്ള മാവേലിയെക്കുറിച്ചുള്ള ഐതിഹ്യവും ഇവിടെ പ്രസക്തമാണ്. വലിയൊരു സ്വപ്നവും പ്രത്യാശയും നൽകുന്ന പ്രതീകമായി മാവേലിയെ കാണാൻ കഴിയും. എല്ലാ തിന്മകൾക്കും അറുതിവരുത്തുന്ന, അസ്തമിക്കാത്ത സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതുയുഗത്തെയാണ് മാവേലിക്കഥ വിഭാവനം ചെയ്യുന്നത്.
ചുരുക്കത്തിൽ, ലോകത്തിലെ എല്ലാ പ്രാചീന ജനപദങ്ങളിലുംതന്നെ വരാനിരിക്കുന്ന ഒരു രക്ഷകനെക്കുറിച്ചുള്ള പ്രതീക്ഷ നിലവിലിരുന്നു. ഈ പ്രതീക്ഷ ഏറ്റവും സജീവമായി നമുക്കു കാണാനാവുന്നത് ബൈബിൾ പഴയനിയമത്തിലാണ്. യുഗങ്ങളുടെ പ്രതീക്ഷ സാക്ഷാത്കരിക്കുന്ന ആ രക്ഷകനാണ് ഈശോമിശിഹാ. അവിടത്തെ ജനനപ്പെരുന്നാളാണ് ക്രിസ്മസ്.