ഗർഭിണിക്കു രക്തം മാറ്റി കയറ്റി; സൂപ്രണ്ടിനെ ഉപരോധിച്ചു
Saturday, September 30, 2023 1:28 AM IST
പൊന്നാനി : ഗവ. മാതൃ-ശിശു ആശുപത്രിയിൽ എട്ടു മാസം ഗർഭിണിയായ യുവതിക്കു രക്തം മാറ്റി കയറ്റി. രക്തക്കുറവിനെത്തുടർന്ന് കഴിഞ്ഞ 25നാണു റുഖ്സാനയെ പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
26, 27 തീയതികളിൽ രക്തം കയറ്റുകയുണ്ടായി. 28ന് വൈകുന്നേരം വീണ്ടും രക്തം കയറ്റണമെന്ന് ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടു. ഈ സമയത്താണ് മറ്റൊരു ഗർഭിണിക്കായി എത്തിച്ച രക്തം മാറ്റി കയറ്റിയത്.
ഒ നെഗറ്റീവ് രക്തത്തിനു പകരം ബി പോസിറ്റീവ് രക്തം മാറ്റി കയറ്റുകയായിരുന്നു. 15 മില്ലിയോളം രക്തം കയറ്റിയതോടെ യുവതിക്കു വിറയലും മറ്റു അസ്വസ്ഥതകളും നേരിട്ടു. തുടർന്നു യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റണമെന്നു ജീവനക്കാർ ആവശ്യപ്പെട്ടു.
പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷമാണു മെഡിക്കൽ കോളജിൽ എത്തിച്ചത്. പരിശോധനയിൽ രക്തം മാറ്റി കയറ്റിയെന്നു ബോധ്യമായി.
യുഡിഎഫ് നഗരസഭാ കൗൺസിലർമാർ രംഗത്ത്
സംഭവമറിഞ്ഞ് ഇന്നലെ രാവിലെ പൊന്നാനി നഗരസഭ യുഡിഎഫ് കൗണ്‍സിലർമാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണു വിഷയം പുറംലോകമറിഞ്ഞത്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
ഗുരുതരമായ കൃത്യവിലോപം നടത്തിയ ഡോക്ടർക്കെതിരേയും രണ്ടു നഴ്സിംഗ് ജീവനക്കാർക്കെതിരേയും നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. നാലു മണിക്കൂർ നേരം നീണ്ട ഉപരോധ സമരം മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉറപ്പിനെത്തുടർന്ന് അവസാനിപ്പിച്ചു.