അഞ്ച് ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം
Saturday, September 30, 2023 1:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികൾക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നാല് ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുനർ അംഗീകാരവുമാണ് ലഭിച്ചത്.
കൊല്ലം മടത്തറ എഫ്എച്ച്സി 92% സ്കോറും എറണാകുളം കോടനാട് എഫ്എച്ച്സി. 86% സ്കോറും കോട്ടയം വെള്ളൂർ എഫ്എച്ച്സി 92% സ്കോറും പാലക്കാട് പൂക്കോട്ടുക്കാവ് എഫ്എച്ച്സി 93% സ്കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.
മലപ്പുറം കോട്ടയ്ക്കൽ എഫ്എച്ച്സി 99% സ്കോർ നേടി പുനർ അംഗീകാരം നേടിയതായും മന്ത്രി വ്യക്തമാക്കി.
ഇതോടെ സംസ്ഥാനത്തെ 170 ആശുപത്രികൾ പുതുതായി എൻക്യുഎഎസ് അംഗീകാരവും 67 ആശുപത്രികൾ പുനർ അംഗീകാരവും നേടിയെടുത്തു.