നെല്ലിന്റെ കുടിശിക ഒരു മാസത്തിനകം നല്‍കണം: ഹൈക്കോടതി
Thursday, September 28, 2023 7:05 AM IST
കൊച്ചി: കര്‍ഷകരില്‍നിന്നു സപ്ലൈകോ നെല്ല് സംഭരിച്ച വകയില്‍ നല്‍കാനുള്ള കുടിശിക ഒരു മാസത്തിനകം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. 50,000 രൂപ വരെയുള്ള കുടിശിക ഉടന്‍ നല്‍കുമെന്നും കൂടുതല്‍ തുക ലഭിക്കാനുള്ളവര്‍ക്ക് 28 ശതമാനം നേരിട്ടും ബാക്കി ബാങ്കുകള്‍ മുഖേന നല്‍കുമെന്നും സപ്ലൈകോ അറിയിച്ചു.
എന്നാല്‍ കുടിശികയ്ക്കു വേണ്ടി ബാങ്കിനെ സമീപിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സപ്ലൈകോ നേരിട്ടു പണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. നെല്ല് സംഭരിച്ച വകയില്‍ കിട്ടാനുള്ള തുകയ്ക്കുവേണ്ടി പാലക്കാട് കൊല്ലങ്കോട് സ്വദേശി ശിവാനന്ദന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് വിധി പറഞ്ഞത്. സപ്ലൈകോയുടെ നടപടി റിപ്പോര്‍ട്ടിനായി ഹര്‍ജി ഒക്ടോബര്‍ 31 ന് വീണ്ടും പരിഗണിക്കും.
ഏപ്രില്‍, മേയ് മാസങ്ങളിലാണ് നെല്ല് സംഭരിച്ചത്. മുഴുവന്‍ തുക ഇതുവരെ നല്‍കിയില്ലെന്നും ഇതിനായി ബാങ്കിനെ സമീപിച്ച് വായ്പാ അപേക്ഷയും സെക്യൂരിറ്റി രേഖകളും ഒപ്പിട്ടു നല്കാന് സപ്ലൈകോ നിര്‍ബന്ധിക്കുന്നെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ സര്‍ക്കാരും സപ്ലൈകോയും ബാങ്കുകളുമായുണ്ടാക്കിയ കരാര്പ്രകാരമാണു ബാങ്ക് പണം നല്‍കുന്നതെന്നും പണം നല്കാന് ബാങ്കുകള്‍ സ്വീകാര്യപത്രം ആവശ്യപ്പെടുന്നതു തെറ്റിദ്ധരിച്ചതാണെന്നും സപ്ലൈകോ മറുപടി നല്കി.
നെല്ലു സംഭരണ പദ്ധതിയനുസരിച്ച് കര്‍ഷകര്‍ക്ക് തുക 60 ദിവസത്തിനകം നല്‍കണമെന്നിരിക്കെ ഇത്തരമൊരു സ്ഥിതി പരിതാപകരമാണെന്നും ഹര്‍ജിക്കാരുടെ ആശങ്ക തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. വായ്പാബാധ്യതയിലേക്ക് തങ്ങളെ തള്ളിവിടുകയാണെന്നും ബാങ്ക് ആവശ്യപ്പെട്ടാല്‍ തുക തിരിച്ചടയ്ക്കേണ്ടിവരുമെന്നും കര്‍ഷകര്‍ ചിന്തിക്കുന്നതില്‍ ന്യായമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ബാങ്കുകളുടെ ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് ഇത്തരമൊരു വ്യവസ്ഥയെന്നും തുക തിരിച്ചുനല്‍കേണ്ട ബാധ്യത കര്‍ഷകര്‍ക്കല്ല തങ്ങള്‍ക്കാണെന്നും സപ്ലൈകോ വിശദീകരിച്ചു. തുടര്‍ന്നാണ് ഒരു മാസത്തിനകം പണം നല്കാന് കോടതി ഉത്തരവിട്ടത്.