ഇതര സംസ്ഥാനക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു
Thursday, September 28, 2023 6:27 AM IST
കൊച്ചി: പത്തനംതിട്ട കുമ്പനാട്ട് ഇതര സംസ്ഥാനക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബിഹാര്‍ സ്വദേശി ജുന് ജുന് കുമാറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. എന്നാല്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനു മതിയായ തെളിവില്ലാത്തതിനാല്‍ പ്രതിക്കെതിരേ ചുമത്തിയ പീഡനക്കുറ്റം ഒഴിവാക്കിയ ഹൈക്കോടതി ഈ കുറ്റത്തിനുള്ള ശിക്ഷ റദ്ദാക്കി.
വിചാരണക്കോടതി വിധിക്കെതിരേ ജുന്‍ജുന്‍ കുമാര്‍ നല്കിയ അപ്പീലില്‍ ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു വിധി പറഞ്ഞത്.
സഹോദരിയുടെ കുടുംബത്തോടൊപ്പം കുമ്പനാട്ട് കഴിഞ്ഞിരുന്ന ജാര്‍ഖണ്ഡ് സ്വദേശിനി 2012 മാര്‍ച്ച് ഒമ്പതിനാണു കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരീഭര്‍ത്താവിനൊപ്പം ജോലി ചെയ്തിരുന്ന പ്രതി ഈ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നപ്പോള്‍ യുവതിയെ പീഡിപ്പിച്ചശേഷം പ്രതി കൊലപ്പെടുത്തിയെന്നാണു കേസ്.
സഹോദരിയും കുടുംബവും തിരിച്ചെത്തിയപ്പോള്‍ പ്രതിയെയും യുവതിയെയും രണ്ടു മുറികളിലായി അബോധാവസ്ഥയില്‍ കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.
എടിഎമ്മില്‍നിന്ന് പണമെടുത്തു മടങ്ങി വീട്ടിലെത്തിയ തന്നെ തലയ്ക്കടിച്ചു വീഴ്ത്തിയ ആരോ യുവതിയെ ആക്രമിച്ചെന്നായിരുന്നു ജുന് ജുന് കുമാര്‍ പോലീസിനോടു പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ നഖത്തിനടിയില്‍നിന്ന് പ്രതിയുടെ ത്വക്കും രക്തസാമ്പിളുകളും ലഭിച്ചു. തുടര്‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. അപ്പീലില്‍ വസ്തുതകള്‍ പരിശോധിച്ച ഡിവിഷന് ബെഞ്ച് പ്രതിക്കെതിരേ ചുമത്തിയ കൊലക്കുറ്റം ശരിവച്ചു.
എന്നാല്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വ്യക്തമായ തെളിവുകളില്ലെന്നു വിലയിരുത്തി ഈ കുറ്റത്തിനു നല്കിയ മൂന്നു വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയും റദ്ദാക്കി.