സംവിധായകന് കെ.ജി. ജോര്‍ജിന് വിട
Wednesday, September 27, 2023 6:17 AM IST
കൊച്ചി: മലയാള സിനിമയില്‍ വേറിട്ട പാത വെട്ടിയ സംവിധായകന് കെ.ജി. ജോര്‍ജിന് കേരളവും മലയാള സിനിമാലോകവും വിട നല്കി. എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ഇന്നലെ വൈകുന്നേരം നാലോടെ രവിപുരം ശ്മശാനത്തിലായിരുന്നു സംസ്കാരം. ഭാര്യ സല്‍മ, മക്കളായ അരുണ്‍, താര എന്നിവര്‍ക്കൊപ്പം അടുത്ത ബന്ധുക്കളും സിനിമ, സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.
ചളിക്കവട്ടത്തുള്ള സിഗ്നേച്ചര്‍ ഏജ്ഡ് കെയർ സാന്ത്വന പരിചരണ സ്ഥാപനത്തിന്റെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 11 ഓടെ പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളില്‍ എത്തിച്ചു. കെ.ജി. ജോര്‍ജിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നൂറുകണക്കിനാളുകള്‍ ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തി.
സംസ്ഥാന സര്‍ക്കാര്‍, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ സജി ചെറിയാന്, പി. രാജീവ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവര്‍ക്കുവേണ്ടി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന് പുഷ്പചക്രം അര്‍പ്പിച്ചു. ചലച്ചിത്ര അക്കാദമിക്കുവേണ്ടി ഭരണസമിതി അംഗം ഹരിശ്രീ അശോകനും താരസംഘടനയായ അമ്മയ്ക്കുവേണ്ടി ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ഫെഫ്കയ്ക്കുവേണ്ടി ബി. ഉണ്ണിക്കൃഷ്ണനും പുഷ്പചക്രം അര്‍പ്പിച്ചു.
സിനിമാ മേഖലയില്‍നിന്ന് കമല്‍, സിബി മലയില്‍, സോഹന്‍ സീനുലാല്‍, രഞ്ജി പണിക്കര്‍, സിദ്ദിഖ്, ബ്ലസി, ജോജു ജോര്‍ജ്, ജോഷി, വേണു, സുരേഷ് കുമാര്‍, പ്രിയനന്ദന്, ഷൈന്‍ ടോം ചാക്കോ, കുഞ്ചാക്കോ ബോബന്, തെസ്നിഖാന്, ബെന്നി പി. നായരമ്പലം, ഡേവിഡ് കാച്ചിപ്പിള്ളി, സീമ ജി. നായര്‍, രവീന്ദ്രന്, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ. ബാബു, കെ.ജെ. മാക്സി, മേയര്‍ എം. അനില്‍കുമാര്‍, കെ.വി. തോമസ്, സുരേഷ് കുറുപ്പ്, മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്റേഷന്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, മഞ്ഞളാംകുഴി അലി, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ, ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, ചാവറ കള്‍ച്ചറര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് തുടങ്ങിയവര്‍ ടൗണ്‍ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
മൂന്നരയോടെ മൃതദേഹം ടൗണ്‍ഹാളില്‍നിന്ന് രവിപുരം ശ്മാശാനത്തിലേക്ക് കൊണ്ടുപോയി. ഇവിടെ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.