മല്ലു ട്രാവലര്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്
Tuesday, September 26, 2023 6:25 AM IST
കൊച്ചി: സൗദി യുവതിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ വ്ളോഗറായ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുറ്റാരോപിതന് വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. സൗദി യുവതിയുടെ പരാതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായി ഷാക്കിര്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നിര്‍ദേശം. രാജ്യത്തെ വിമാനത്താവളങ്ങളിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇയാള്‍ വിദേശത്തായതിനാല്‍ പരാതി ലഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് ചോദ്യംചെയ്യാനോ മറ്റു നടപടികളിലേക്കു കടക്കാനോ സാധിച്ചിരുന്നില്ല. ഇയാള്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് തങ്ങളെ അറിയിക്കണമെന്നാണു പോലീസ് നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
\
പരാതിക്കാരിയുടെ രഹസ്യമൊഴി ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 13 ന് കോഴിക്കോട് സ്വദേശിയായ പ്രതിശ്രുതവരനൊപ്പം അഭിമുഖവുമായി ബന്ധപ്പെട്ട് എത്തിയ തന്നെ ഷാക്കിര്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണു സൗദി സ്വദേശിനിയുടെ പരാതി. സുഹൃത്ത് പുറത്തേക്കു പോയ സമയത്തായിരുന്നു സംഭവമെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാക്കിര്‍ സുബ്ഹാനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
അതേസമയം, പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിര്‍ സുബ്ഹാന്. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍കൊണ്ട് നേരിടുമെന്നും ഷാക്കിര്‍ പ്രതികരിച്ചിരുന്നു.