നിർഭയ മാധ്യമപ്രവർത്തനത്തിനു പ്രസക്തി വർധിക്കുന്നു: ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
Saturday, September 23, 2023 2:19 AM IST
കൊച്ചി: ഭരണാധികാരികൾക്കു മുന്നിൽ മുഖം നോക്കാതെ സത്യങ്ങൾ തുറന്നുപറയാനും ഭരിക്കപ്പെടുന്നവരുടെ ആകുലതകൾ അവതരിപ്പിക്കാനും ആർജവമുള്ള നിർഭയ മാധ്യമപ്രവർത്തനത്തിനു പുതിയ കാലത്ത് പ്രസക്തി വർധിക്കുകയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന്. ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) വജ്രജൂബിലി ആഘോഷവും ദേശീയ കണ്‍വന്‍ഷനും എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യവും അധികാരവും വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന ഘട്ടങ്ങളിൽ നാം എന്തു നിലപാട് സ്വീകരിക്കുന്നുവെന്നത് പ്രധാനമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളിൽനിന്ന്, ഏതു സാഹചര്യത്തിലും സത്യത്തോടും നീതിയോടും ചേർന്നു നിൽക്കുന്ന കാഴ്ചപ്പാടാണു കാലഘട്ടം പ്രതീക്ഷിക്കുന്നത്. മാധ്യമപ്രവർത്തകർ തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് കൃത്യമായ അവബോധമുള്ളവരാകണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഐസിപിഎ പ്രസിഡന്റ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബെല്ലാരി ബിഷപ് ഡോ. ഹെന്റി ഡിസൂസ, ആലുവ സെന്റ് സേവ്യേഴ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിലന് ഫ്രാൻസ്, ഐസിപിഎ സെക്രട്ടറി റവ. ഡോ. സുരേഷ് മാത്യു, ട്രഷറർ ഫാ. ജോ എറുപ്പക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
‘സമ്മര്‍ദങ്ങള്‍ക്കിടയിലും സത്യം പറയുകയെന്ന ദൗത്യം’ എന്നതാണ് കണ്‍വന്‍ഷന്റെ പ്രമേയം. ഇന്നു രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സെഷനിൽ ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്. രാജഗോപാല്‍, സുപ്രീം കോർട്ട് ഒബ്സര്‍വര്‍ എഡിറ്റർ ഇൻ ചീഫ് ലീന രഘുനാഥ്, പ്രസ് കൗണ്‍സില്‍ മുന്‍ അംഗവും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ റവ. ഡോ. ബിനോയ് പിച്ചളക്കാട്ട്, സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള സിബിസിഐ വിഭാഗം സെക്രട്ടറി റവ. ഡോ. ബിജു ആലപ്പാട് എന്നിവര്‍ വിഷയാവതരണം നടത്തും. മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫാ. സെഡ്രിക് പ്രകാശ് മോഡറേറ്ററാകും.
ഉച്ചകഴിഞ്ഞ് 2.30ന് പുരസ്കാര സമര്‍പ്പണ സമ്മേളനം ജസ്റ്റീസ് സുനില്‍ തോമസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 65 പ്രതിനിധികളും നൂറോളം പ്രത്യേക ക്ഷണിതാക്കളുമാണ് കണ്‍വന്‍ഷനിൽ പങ്കെടുക്കുന്നത്.