വി.ഡി. സതീശനെതിരേ വിജിലൻസ് അന്വേഷണം: അന്വേഷണസംഘത്തെ നാളെ തീരുമാനിക്കും
Sunday, June 11, 2023 12:24 AM IST
തിരുവനന്തപുരം: പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിക്കായി വിദേശ ഫണ്ട് സ്വീകരിച്ചെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണ സംഘത്തെ നാളെ തീരുമാനിക്കും.
പറവൂർ മണ്ഡലവുമായി ബന്ധപ്പെട്ട അന്വേഷണമായതിനാൽ എറണാകുളം വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലുള്ള യൂണിറ്റിനാകും സാധ്യത. എന്നാൽ, വിദേശ ഫണ്ട് അടക്കം അന്വേഷിക്കേണ്ട കേസായതിനാൽ പ്രത്യേക സംഘത്തെ നിയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്.
വിദേശ ഫണ്ടുമായി ബന്ധപ്പെട്ട വിഷയം വിജിലൻസ് എങ്ങനെ അന്വേഷിക്കുമെന്ന ആശയക്കുഴപ്പവും ഉദ്യോഗസ്ഥർക്കുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നും യുകെ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഫണ്ട് സ്വീകരിച്ച സംഭവത്തിൽ വിജിലൻസ് മാനുവലിനുള്ളിൽ നിന്നുള്ള അന്വേഷണം ദുഷ്കരമാണ്.
പ്രളയ ദുരന്തത്തിൽ വീടും ജീവനോപാധികളും നഷ്ടമായവർക്കു വീട് നിർമിച്ചു നൽകുന്നതിനും തൊഴിൽ ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനുമായി നടപ്പാക്കിയ പുനർജനി പദ്ധതിയ്ക്കായി വിദേശ പണം സ്വീകരിച്ചു തട്ടിപ്പു നടത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചത്.
വിദേശത്തു പോയി പണപ്പിരിവു നടത്തിയതിൽ വിദേശ നാണ്യവിനിമയച്ചട്ടം ലംഘിച്ചുവെന്നത് അടക്കമുള്ള പരാതിയാണ് വിജിലൻസ് അന്വേഷിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നു കണ്ടെത്തി സർക്കാരിനു വിജിലൻസ് സമർപ്പിച്ച ഫയലിൽ അമേരിക്കയിൽ പോകുന്നതിനു തൊട്ടു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. ഇതേ തുടർന്നാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്.
വിദേശത്തു പോയി പണപ്പിരിവു നടത്തിയതിൽ വിദേശ നാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം നടന്നുവോ എന്നാണ് പ്രധാനമായി അന്വേഷിക്കുക. പുനർജനിക്കായി സതീശൻ നടത്തിയ പണപ്പിരിവ് നിയമാനുസൃതം ആണോ, പണം ചെലവഴിച്ചതിൽ ക്രമക്കേട് ഉണ്ടോ, കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങാതെയാണോ സതീശന്റെ വിദേശ യാത്രകൾ തുടങ്ങിയവ വിജിലൻസ് അന്വേഷണ പരിധിയിൽ വരിക.