ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതുപോലെ സതീശനെയുമെന്ന് സുധാകരൻ
Sunday, June 11, 2023 12:24 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള വി.ഡി. സതീശന്റെ പ്രകടനത്തിൽ അന്തംവിട്ട മുഖ്യമന്ത്രി പിണറായി വിജയൻ എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലാണ് അദ്ദേഹത്തിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കുകയും മികച്ച പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത് പിണറായിക്ക് ഒട്ടും ദഹിച്ചില്ല.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വ്യാജക്കേസുണ്ടാക്കി വേട്ടയാടിയതുപോലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വ്യാജ വിജിലൻസ് കേസിൽ കുടുക്കി നിശബ്ദനാക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. പരാതിയിൽ കഴന്പില്ലെന്നു കണ്ട് അന്വേഷിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പും സ്പീക്കറും നിലപാടെടുത്ത വിഷയത്തിലാണ് മുഖ്യമന്ത്രി ഉത്തരവിട്ടതെന്നും സുധാകരൻ പറഞ്ഞു.
വി.ഡി. സതീശനെതിരെയുള്ള അന്വേഷണം രാഷ്ട്രീയപ്രേരിതം: രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും സർക്കാരിനെതിരേ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിത്.
സതീശനെതിരായ ആരോപണം പല തവണ ചർച്ച ചെയ്തതും കോടതി തള്ളിയതുമാണ്. വീണ്ടും ഇക്കാര്യം ഉയർത്തിക്കൊണ്ടു വരുന്നത് എഐ കാമറ- കെഫോണ്‍ അഴിമതികളിൽനിന്നു ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.