അമല്‍ജ്യോതി കോളജിന് സംരക്ഷണം നല്‍കണം: ഹൈക്കോടതി
Saturday, June 10, 2023 12:13 AM IST
കൊച്ചി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി.
മാനേജ്മെന്റിലുള്ള വ്യക്തികള്‍ക്കും ജീവനക്കാര്‍ക്കും കോളജിലെ മറ്റുള്ളവര്‍ക്കും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോളജ് മാനേജ്മെന്റ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എന്‍. നഗരേഷ് ഇടക്കാല ഉത്തരവ് നൽകി.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുടെയും തുടര്‍സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ കോളജിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും അധ്യയനം തടസപ്പെടാതിരിക്കുന്നതിനും നടപടി വേണമെന്നാവശ്യപ്പെട്ടാണു കോളജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോളജില്‍ അഡ്മിഷന് സമയമാണെന്നും ഇപ്പോള്‍ കോളജിനെ ബാധിക്കുന്ന കാര്യങ്ങളുണ്ടായാല്‍ സ്ഥാപനത്തെ മൊത്തത്തില്‍ ബാധിക്കുമെന്നും വിലയിരുത്തിയ കോടതി പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു.
സ്ഥാപനത്തിലെത്തുന്ന മറ്റു വിദ്യാര്‍ഥികള്‍ക്കും വാഹനങ്ങള്‍ക്കും വിവിധ വിദ്യാര്ഥിസംഘടനകളില്നിന്നു സംരക്ഷണം അനിവാര്യമാണെന്നു ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, കെഎസ്യു, എസ്ഡിപിഐ എന്നീ സംഘടകളുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.