കൊടുക്കാത്ത ശന്പളം കൊടുത്തെന്ന് കേരളം കേന്ദ്രത്തോട്
Saturday, June 10, 2023 12:13 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: സ്കൂൾ പാചകത്തൊഴിലാളികൾക്കു കൊടുക്കാത്ത ശന്പളം കൊടുത്തെന്നു കാട്ടി കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പിനു സംസ്ഥാന പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ (ജനറൽ) കത്ത്. ശന്പളം കിട്ടാതെ വലയുന്ന തൊഴിലാളികളുടെ ദുരവസ്ഥ വിവരിച്ചു
കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി സുജോബി ജോസ് പ്രധാനമന്ത്രിക്കയച്ച പരാതി കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിനു കൈമാറിയിരുന്നു. തുടർന്നു നല്കിയ മറുപടിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തെ തെറ്റായ വിവരങ്ങൾ ധരിപ്പിച്ചിട്ടുള്ളത്. മറുപടിയുടെ മലയാളം തർജമ പരാതിക്കാരനും അയച്ചിട്ടുണ്ട്.
പാചകത്തൊഴിലാളികൾക്കു ഫെബ്രുവരി വരെയുള്ള ഓണറേറിയം പൂർണമായും മാർച്ചിലേതു ഭാഗികമായും വിതരണം ചെയ്തെന്നാണു മറുപടിയിലുള്ളത്. എന്നാൽ വലിയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിലാണ് ഫെബ്രുവരിവരെയുള്ള സമരം പാചകത്തൊഴിലാളികൾ നേടിയെടുത്തത്.
എന്നിട്ടും മാർച്ചിലെ 13,200 രൂപ ഓണറേറിയത്തിൽ നാലായിരം രൂപമാത്രമാണു നല്കിയത്. പകുതിപോലും നല്കാത്ത ശന്പളമാണ് ഭാഗികമായി നല്കിയെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്. മാത്രമല്ല അവധിക്കാലത്തു (ഏപ്രിൽ, മേയ്) മാസം രണ്ടായിരം രൂപവച്ച് നല്കാറുള്ള നാലായിരം രൂപയും തൊഴിലാളികൾക്കു കിട്ടിയിട്ടില്ല.
ശന്പളം ശരിയായി കിട്ടാത്തതിനാൽ വർഷങ്ങളായി സ്കൂൾ പാചകത്തൊഴിലിൽ ഏർപ്പെട്ടിരുന്ന പലരും ഈ അധ്യയന വർഷത്തിൽ ജോലി ഉപേക്ഷിച്ചിരുന്നു. എന്നിട്ടും അനുകൂലനടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തെ തെറ്റായി കാര്യങ്ങൾ ധരിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജി കൊടുക്കാനുള്ള ഒരുക്കത്തിലാണു പരാതിക്കാർ.
കേന്ദ്ര, സംസ്ഥാന സർക്കാരിൽനിന്നു പദ്ധതി നടത്തിപ്പിനുള്ള ഫണ്ട് അനുവദിക്കുന്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള എസ്എൻഎ അക്കൗണ്ടിലേക്കു ലഭിക്കുന്ന മുറയ്ക്കാണു തൊഴിലാളികളുടെ വേതനവും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകൾക്കും ഫണ്ട് അനുവദിക്കുന്നതെന്നു മറുപടിക്കത്തിൽ പറയുന്നുണ്ട്. കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ യഥാസയം എൻഎൻഎ അക്കൗണ്ടിൽ ലഭ്യമായെന്നും ഫണ്ട് മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കു നല്കിയെന്നും മാസാദ്യംതന്നെ പാചകത്തൊഴിലാളികളുടെ ഓണറേറിയം അനുവദിച്ചെന്നും വ്യക്തമാക്കിയിരിക്കുന്നു.
എന്നാൽ പദ്ധതി നടത്തിപ്പിനുള്ള തുക എസ്എൻഎ അക്കൗണ്ടിലേക്കു ലഭ്യമാകുന്നതിൽ കാലതാമസം ഉണ്ടാകുന്പോൾ ശന്പളവിതരണത്തിൽ കാലതാമസം ഉണ്ടായതായും സമ്മതിച്ചിരിക്കുന്നു. ഇതൊഴിവാക്കാൻ നടപടിയെടുത്തെന്നുമാണു കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്.