വ്യാജരേഖ കേസ് :അഗളി പോലീസ് അന്വേഷിക്കും
Friday, June 9, 2023 1:04 AM IST
കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി.
എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു കൈമാറിയത്. അന്വേഷണപുരോഗതി വിലയിരുത്തിയശേഷം കമ്മീഷണര്‍ തുടരന്വേഷണം അഗളി പോലീസിന് കൈമാറും.
അതേസമയം, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നു ദിവസം പിന്നിട്ടിട്ടും വിദ്യയെ പിടികൂടാനോ വ്യാജരേഖയുടെ അസല്‍ പകര്‍പ്പ് കണ്ടെത്താനോ പോലീസിനായിട്ടില്ല. വ്യാജരേഖയുണ്ടാക്കാന്‍ വിദ്യ ഉപയോഗിച്ചത് മഹാരാജാസില്‍നിന്നു ലഭിച്ച ആസ്പയര് സ്കോളര്‍ഷിപ്പിന്റെ പ്രോജക്ട് സര്‍ട്ടിഫിക്കറ്റാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
വ്യാജരേഖയുടെ കോപ്പിയാണ് നിലവില്‍ പോലീസിന്റെ പക്കലുള്ളത്. വിദ്യ വ്യാജമായുണ്ടാക്കിയ രേഖയുടെ അസല്‍ പകര്‍പ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് ദുര്‍ബലമാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. കേസിനു പിന്നാലെ ഒളിവില്‍ പോയ വിദ്യയുടെ ഫോണ്‍ ഇപ്പോഴും സ്വച്ച് ഓഫാണ്.
രേഖയുടെ ആധികാരികത സംബന്ധിച്ച ശാസ്ത്രീയ പരിശോധനകള്‍ കേസ് അഗളി പോലീസിനു കൈമാറിയശേഷമാകും നടത്തുക.
വിദ്യ എറണാകുളം ജില്ലയില്‍ ഇല്ലെന്നാണു പ്രാഥമികാന്വേഷണത്തില്‍ പോലീസിന്റെ നിഗമനം. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നു പറയുമ്പോഴും ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വിദ്യ നടത്തിയ പ്രതികരണവും ചര്‍ച്ചയായിട്ടുണ്ട്. ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനുവേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നാണു വിദ്യയുടെ പ്രതികരണം.
സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി പോലത്തെ ഒന്ന് മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമാണുള്ളത്. എന്താണു സംഭവിച്ചതെന്ന് താനും അന്വേഷിക്കുകയാണെന്നും വിദ്യ പ്രതികരിച്ചു. അതേസമയം ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായുള്ള അഭിമുഖത്തില്‍ പങ്കെടുത്തതായി വിദ്യ സമ്മതിച്ചതായും ഈ പ്രതികരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.