കെ ഫോണ്: അധികമായി നൽകിയ തുക സർക്കാർ തിരിച്ചുപിടിക്കണമെന്ന് ചെന്നിത്തല
Friday, June 9, 2023 1:04 AM IST
തിരുവനന്തപുരം: കെ ഫോണ് പദ്ധതിയിൽ ഗുരുതരക്രമക്കേടുകൾ അക്കൗണ്ടന്റ് ജനറൽ കണ്ടെത്തിയ സാഹചര്യത്തിൽ കന്പനികൾക്ക് അധികമായി നൽകിയ തുക സർക്കാർ തിരിച്ചുപിടിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എജിയുടെ കണ്ടെത്തൽ പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ്.
മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെൻഡർ വ്യവസ്ഥ കെ ഫോണ് ലംഘിച്ചെന്നതാണ് പ്രധാന കണ്ടെത്തൽ. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചത്. കേബിളിന്റെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്ക് നേരത്തേതന്നെ സംശയമുണ്ട്.
എന്നാൽ മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ അനാവശ്യ ഇടപെടലുകളാണ് ടെൻഡർ വ്യവസ്ഥ ലംഘിച്ച് 50 ശതമാനം തുക കൂട്ടി നൽകിയത്. ഇതിനു പിന്നിൽ വൻ അഴിമതി നടന്നുവെന്ന കാര്യം വ്യക്തമാണ്.
1028 കോടി എസ്റ്റിമേറ്റിട്ട പദ്ധതിക്ക് 58.5 ശതമാനം തുക കൂട്ടി നൽകിയതിലെ കള്ളക്കളി എജി കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.