ബോര്‍ഡുകളും കൊടിമരങ്ങളും നീക്കം ചെയ്തില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി
Friday, June 9, 2023 1:04 AM IST
കൊച്ചി: പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും കൊടിമരങ്ങളും നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ നീക്കം ചെയ്തില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തദ്ദേശസ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കിയിട്ടും ബോര്‍ഡുകള്‍ നീക്കം ചെയ്യാത്ത വിവരം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നിയമനടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
അനധികൃത ബോര്‍ഡുകളുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് കേസെടുക്കുന്നതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ബോര്‍ഡുകള്‍ തയാറാക്കിയ പ്രിന്റിംഗ് ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു കോടതി വ്യക്തമാക്കി.
ശാസ്ത്രീയമായ രീതിയില്‍ അനധികൃത ബോര്‍ഡുകള്‍ ഇല്ലാതാക്കണമെന്നു കോടതി പറഞ്ഞൂ. ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരുകള്‍ പറയാത്ത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്ക്കെതിരേയും ശിക്ഷ ലഭിക്കത്തക്ക രീതിയിലുള്ള നടപടികള്‍ സ്വീകരിക്കണം.
പ്രിന്റര്‍മാരുടെ പേരുകള്‍ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍ അനധികൃതമാണെന്നും കോടതി നിരീക്ഷിച്ചു.
അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ ഇവ നീക്കം ചെയ്യണമെന്നു നിര്‍ദേശിച്ചു തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നോട്ടീസ് നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനുള്ള സാമ്പത്തിക ചെലവ് പ്രിന്റിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഈടാക്കണമെന്നും കോടതി വ്യക്തമാക്കി.