മകളെ കൊലപ്പെടുത്തിയ സംഭവം: ലഹരി തകർത്ത കുടുംബം
Friday, June 9, 2023 1:04 AM IST
മാവേലിക്കര: ആറു വയസുകാരി മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിരുന്ന അച്ഛൻ പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷിനെ(38) തെളിവെടുപ്പിനെത്തിച്ചപ്പോൾ ജനരോഷം.
ഇന്നലെ ഉച്ചയ്ക്കു സംഭവം നടന്ന വീട്ടിൽ ശ്രീമഹേഷിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ശാപവാക്കുകളും ചീത്തവിളികളുമായി ജനം ഇരന്പിയടുത്തു. പലരും അവനെ ജനമധ്യത്തില്‍ വിട്ടുതരൂ, മഴുകൊണ്ട് അവനെ വെട്ടി വീഴ്ത്തു എന്നിങ്ങനെ ശാപവാക്കുകളുമായാണ് പ്രതിഷേധിച്ചത്.
മഹേഷിന്റെ ഭാര്യയുടെ നേരത്തേയുണ്ടായ മരണത്തില്‍ പോലും, കൂടിനിന്ന ജനങ്ങള്‍ സംശയം പ്രകടിപ്പിച്ചു. വീടിനുള്ളില്‍നിന്നു കൊലപാതകത്തിന് ഉപയോഗിച്ച മഴു കണ്ടെടുത്തു.
കൊലപ്പെടുത്തിയ രീതി മഹേഷ് വിശദീകരിച്ചപ്പോള്‍ വീടിന്റെ മതില്കെട്ടിനു പുറത്തുവരെ കയറിനിന്ന ജനക്കൂട്ടം ശ്രീമഹേഷിനു നേരേ ആക്രോശിച്ചു.
ശ്രീമഹേഷ് സബ് ജയിലില്‍ ജീവനൊടുക്കാൻ ശ്രമിച്ചു
മാവേലിക്കര: ആറുവയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ജയിലില്‍ ജീവനൊടു ക്കാൻ ശ്രമിച്ചു. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ്(38) ആണ് ഇന്നലെ രാത്രി 6.45 ന് സബ്ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചത്. മാവേലിക്കര സബ് ജയിലിലായിരുന്ന പ്രതി വാറണ്ട് റൂമില്‍ വച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വാറണ്ട് റൂമില്‍ രേഖകള്‍ ശരിയാക്കുന്നതിനിടെ അവിടെനിന്ന് ലഭിച്ച പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തിലും കയ്യിലും മുറിവുകള്‍ ഉണ്ടാക്കുകയായിരുന്നു. കഴുത്തിന്റെ വലത് ഭാഗത്തും ഇടതുകയ്യിലുമാണ് മുറിവുകള്‍ ഉണ്ടാക്കിയത്. കഴുത്തിലെ മുറിവ് ആഴത്തിലുള്ളതാണ്. കഴുത്തിലെ ഞരമ്പിനും മുറിവ് സംഭവിച്ചിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമായ തിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്് ആശുപത്രി യിലേക്കു മാറ്റി.
കാർട്ടൂൺ കാണുന്നതിനിടെ ക്രൂരതയുടെ സർപ്രൈസ്
മാവേലിക്കര: കൊല്ലപ്പെട്ട നക്ഷത്രയെ സര്‍പ്രൈസ് നല്‍കാമെന്നു പറഞ്ഞു സന്തോഷിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നു പോലീസിനോടു ശ്രീമഹേഷിന്റെ വെളിപ്പെടുത്തൽ. സിറ്റ് ഔട്ടിലെ സോഫയില്‍ ഇരുന്ന് സ്കൂള്‍ ബാഗും കഥാപുസ്തകവും അടുത്തു വച്ചു ടാബില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു നക്ഷത്ര. കണ്ണടച്ചോ സർപ്രൈസ് തരാമെന്നു പറഞ്ഞാണ് മഹേഷ് കുഞ്ഞിനരികിലേക്ക് എത്തിയത്.
പുഞ്ചിരിയോടെയാണ് അച്ഛൻ കൊണ്ടുവന്ന സർപ്രൈസിനായി അവൾ കണ്ണടച്ചത്. എന്നാൽ, കരുതിക്കൂട്ടി മഴുവുമായെത്തിയ മഹേഷ് കുഞ്ഞിന്റെ കഴുത്തുനോക്കി വെട്ടുകയായിരുന്നു. എന്തിനാണ് ഈ കൊടുംക്രൂരത ചെയ്തതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
പോലീസ് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ഇയാള്‍ നല്കിക്കൊണ്ടിരിക്കുന്നത്. റിമാന്‍ഡില്‍നിന്നു കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയൂയെന്നു പോലീസ് പറഞ്ഞു. കുഞ്ഞിന്റെ സ്കൂള്‍ ബാഗും കഥാപുസ്തകവും സോഫയിലെ രക്തക്കറയുമൊക്കെ കണ്ണീര്ക്കാഴ്ചകളായി മാറി.
മൂന്നു മരണങ്ങൾ
കുടുംബം പൂര്‍ണമായും തകർന്നു എന്നു മാത്രമല്ല, മൂന്നു മരണങ്ങൾക്കും കാരണമായി. നക്ഷത്രയുടെ കൂടാതെ ശ്രീമഹേഷിന്റെ ഭാര്യ വിദ്യയുടെയും അച്ഛന് ശ്രീമുകുന്ദന്റെയും മരണത്തിന്റെ കാരണം ശ്രീമഹേഷിന്റെ ലഹരി ഉപയോഗമാണെന്നാണ് പറയുന്നത്. വിദ്യ ജീവനൊടുക്കുകയായിരുന്നു. അച്ഛനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
മഹേഷ് ഇതിനു മുന്‍പും ലഹരി ഉപയോഗിച്ച ശേഷം അക്രമാസക്തമായി പെരുമാറിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ ആര്‍ക്കും അത്യാഹിതം സംഭവിക്കാതിരുന്നതിനാല്‍ പുറംലോകം അറിഞ്ഞില്ല. വിദ്യയുടെ മരണകാരണവും മഹേഷ് നിരന്തരം ഉണ്ടാക്കിയ ശല്യങ്ങളാണെന്നു നാട്ടുകാരും മഹേഷിന്റെ സുഹൃത്തുക്കളും പറയുന്നു. ഇന്നലെ മകളെ മഴുകൊണ്ട് വെട്ടി ജീവനെടുത്തപ്പോഴും ശ്രീമഹേഷ് മദ്യലഹരിയിലായിരുന്നതായാണ് പോലീസ് പറയുന്നത്.