കെ ഫോണില്‍ ഗുരുതര ക്രമക്കേട്: കേബിള്‍ ചൈനയുടേതെന്ന് വി.ഡി.സതീശന്
Tuesday, June 6, 2023 12:39 AM IST
കൊച്ചി: കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. ഒപിജിഡബ്ല്യു കേബിള്‍, പിഒപി എന്നിവയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേട് നടന്നതായി വി.ഡി.സതീശന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കൂടാതെ 1028 കോടിയുടെ പദ്ധതിക്ക് 500 കോടിയിലധികം രൂപ ടെന്‍ഡര്‍ എക്സസ് നല്കി 1548 കോടിയാക്കി ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ കത്തിടപാടിലൂടെയാണ് ടെന്‍ഡര്‍ എക്സസ് നിയമവിരുദ്ധമായി ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് പ്രധാനപ്പെട്ട നിബന്ധനകള്‍ ലംഘിച്ചാണു കെ ഫോണ്‍ കേബിളുകള്‍ ഇടുന്നത്. പദ്ധതിയുടെ ഒരു പ്രധാന ഘടകമാണ് ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറുകള്‍ അഥവാ ഒപിജിഡബ്ല്യു കേബിളുകള്‍. ഇവ ഇന്ത്യന്‍ നിര്‍മിതമായിരിക്കണമെന്നു വ്യവസ്ഥയുണ്ട്. കൂടാതെ കേബിളുകള്‍ ഇന്ത്യയില്‍ത്തന്നെ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കണമെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍ മിനിമം 250 കിലോമീറ്ററെങ്കിലും കേബിള്‍ നിര്‍മിച്ച സ്ഥാപനമായിരിക്കണമെന്നും നിബന്ധനയുണ്ട്.
എന്നാല്‍ ഈ മൂന്ന് നിബന്ധനകളും കരാര്‍ ലഭിച്ച എല്‍എസ് കേബിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കാറ്റില്‍ പറത്തി. കമ്പനിയുടെ ഹരിയാനയിലെ ഫാക്ടറിയില്‍ കേബിളുകള്‍ നിര്‍മിക്കാനുള്ള സൗകര്യമില്ല. ഇവര്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതിനുശേഷം എല്‍എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് പതിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. ഇക്കാര്യം കെ ഫോണിനും കെഎസ്ഇബിക്കും അറിയാം.
ഏറ്റവും കുറഞ്ഞത് 25 വര്‍ഷം ഗാരണ്ടിയുള്ള ഇന്ത്യന്‍ കേബിളുകള്‍ക്കു പകരം യാതൊരു ഗുണനിലവാരവുമില്ലാത്ത വിലകുറഞ്ഞ ചൈനീസ് കേബിളാണ് കെഫോണിനുവേണ്ടി ലഭ്യമാക്കിയിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
പിഒപികളുടെ (പോയിന്റ് ഓഫ് പ്രസന്‍സ്) കാര്യത്തിലും സമാനമായ ക്രമക്കേടാണു നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള പ്രസാഡിയോ കമ്പനിക്കാണു പിഒപി കരാര്‍ ലഭിച്ചത്.
പ്രസാഡിയോ കെ ഫോണ്‍ പദ്ധതിക്കുവേണ്ടി സ്ഥാപിച്ച പ്രീ ഫാബ്രിക്കേഷന്‍ സ്ട്രച്ചറായ പിഒപിയും കരാറിനു വിരുദ്ധമായി ചൈനയില്‍നിന്നും ഒമാനില്‍നിന്നുമാണ് ഇറക്കുമതി ചെയ്തത്. കെ ഫോണില്‍ എത്ര കണക്ഷനുകള്‍ നല്കിയെന്നു സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കണക്ഷന് നല്‍കിയതിന്റെ ജില്ലതിരിച്ചുള്ള കണക്ക് സര്‍ക്കാര്‍ വ്യക്തമാക്കണം.
കെ ഫോണ്‍ കരാര്‍ നേടിയ കണ്‍സോര്‍ഷ്യത്തിലെ പങ്കാളിയായ എസ്ആര്‍ഐടിക്കാണ് കെ ഫോണ്‍ എംഎസ്പി കരാറും നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവില്‍ ഇന്റര്‍നെറ്റ് നല്കുന്ന കെ സ്വാന് പദ്ധതിയുടെ കരാറും എസ്ആര്‍ഐടിക്കാണ്.
കെ ഫോണ്‍വഴിയുള്ള ഇന്റര്‍നെറ്റ് ലഭ്യമാകുന്നതോടെ കെ സ്വാന് നിലയ്ക്കും. അതുകൊണ്ടുതന്നെ കെ ഫോണ്‍ പദ്ധതി നീണ്ടുപോയാല്‍ മാത്രമേ അവര്‍ക്കു കെ സ്വാന് പദ്ധതിയുടെ ഭാഗമായി പണം ലഭിക്കുകയുള്ളൂ. നിയമസഭാ ലോഞ്ചില്‍ ഇന്നലെ നടന്ന കെ ഫോണിന്റെ രണ്ടാം ഉദ്ഘാടനത്തിന് 4.35 കോടി രൂപയാണ് ചെലവഴിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി.