വിശ്രമമില്ലാതെ ലോക്കോ പൈലറ്റുമാർ; ഒറ്റ ഷിഫ്റ്റിൽ 15 മണിക്കൂർ !
പ്രബൽ ഭരതൻ
Monday, June 5, 2023 12:59 AM IST
കോഴിക്കോട്: ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ ജീവനക്കാരുടെ ഡ്യൂട്ടി സമയവും ചർച്ചയാകുന്നു. ആയിരത്തിലധികം യാത്രക്കാരുള്ള ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ അമിത ജോലിഭാരമാണ് ഇത്തരം അപകടങ്ങൾ നടക്കുന്പോൾ ജീവനക്കാർ ഉയർത്തിക്കാട്ടുന്നത്. ഗുഡ്സ് ട്രെയിനിലെ ലോക്കോ പൈലറ്റുമാർ പരമാവധി 12 മണിക്കൂർ ജോലി ചെയ്യണമെന്നാണു റെയിൽവേ ചട്ടം. എന്നാൽ ഡ്യൂട്ടി ഷിഫ്റ്റ് മാറാൻ പലപ്പോഴും 13 മുതൽ 15 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സ്ഥിതിയാണെന്നു ഇവർ പറയുന്നു.
ക്രൂ സ്റ്റേഷനുകളിൽ മാത്രമാണു ലോക്കോ പൈലറ്റുമാർക്കു ഡ്യൂട്ടി കൈമാറാൻ സാധിക്കുക. ക്രൂ സ്റ്റേഷനിൽ എത്തുന്പോൾ മറ്റു സാങ്കേതിക കാരണങ്ങളാൽ പ്ലാറ്റ്ഫോമിൽ നിർത്താൻ സാധിച്ചില്ലെങ്കിൽ വീണ്ടും അടുത്ത ക്രൂ സ്റ്റേഷൻ ലക്ഷ്യമാക്കി ഓടണം, എത്ര മണിക്കൂർ കൂടുതലായാലും.
എക്സ്പ്രസ് ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റുമാർക്കുമുണ്ട് മാനസിക സമ്മർദം ഇരട്ടിയാക്കുന്ന റെയിൽവേയുടെ കടുംപിടിത്തം. ആഴ്ചയിൽ നാലു ദിവസം തുടർച്ചയായി നൈറ്റ് ഡ്യൂട്ടി എന്ന സന്പ്രദായമാണ് എക്സ്പ്രസ് ട്രെയിൻ ഓടിക്കുന്നവർക്കു ബുദ്ധിമുട്ടാകുന്നത്. നാലു ദിവസം തുടർച്ചയായി നൈറ്റ് ഡ്യൂട്ടി മാത്രം ചെയ്യുന്നവർക്ക് ഒരു ദിവസം ഡ്യൂട്ടി ഓഫ് ലഭിക്കുമെങ്കിലും വീണ്ടും തുടർച്ചയായി ഇതേ സമയക്രമംതന്നെ നിഷ്കർഷിക്കുന്നത് പതിവാണ്. തുടർച്ചയായി നാലു ദിവസം ഡ്യൂട്ടി എടുക്കേണ്ടി വരുന്ന ലോക്കോ പൈലറ്റുമാരുടെ ആരോഗ്യ സ്ഥിതിയും മാനസിക സമ്മർദവും കണക്കിലെടുത്ത് അത് മൂന്നു ദിവസമാക്കി കുറയ്ക്കണമെന്ന ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
2006ൽ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അടക്കമുള്ള റെയിൽവേ തൊഴിലാളികൾ സമരവുമായി രംഗത്ത് വന്നപ്പോൾ പ്രധാന ആവശ്യമായി ഉയർത്തി ക്കാട്ടിയതും ഇതേ ആവശ്യമായിരുന്നു. മാത്രവുമല്ല ലോക്കോ റണ്ണിംഗ് സ്റ്റാഫിൽ ഭൂരിഭാഗം പേരും അന്പത് വയസിനു മുകളിൽ പ്രായമുള്ളവരാണെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.