മരം ഒടിഞ്ഞുവീണ് ബൈക്ക് യാത്രികനായ അധ്യാപകൻ മരിച്ചു
Saturday, June 3, 2023 1:52 AM IST
കോഴിക്കോട്: റോഡരികിലെ തണല്‍മരം ഒടിഞ്ഞുവീണ് ബൈക്ക് യാത്രികനായ സ്കൂള്‍ അധ്യാപകനു ദാരുണാന്ത്യം. ഉള്ള്യേരി എയുപി സ്കൂള്‍ അധ്യാപകന് മടവൂര്‍ പുതുക്കുടി മുഹമ്മദ് ഷരീഫ് (39) ആണ് നരിക്കുനി-നന്മണ്ട റോഡില്‍ അമ്പലപ്പൊയില്‍ സ്കൂളിനു സമീപത്തുണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്നലെ രാവിലെ 9.45 ന് സ്കൂളിലേക്കു പോകവേ സഞ്ചരിച്ചിരുന്ന ബൈക്കിനു മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് അല്പദൂരം മുന്നോട്ടുപോയി റോഡില്‍ മറിഞ്ഞു. നാട്ടുകാര്‍ ഉടനെതന്നെ ബാലുശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലൂം ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.പരേതനായ റിട്ട. അധ്യാപകന് അബൂബക്കറിന്റെ മകനാണ്.മാതാവ് ഖദീജ. ഭാര്യ: മാരിയത്ത്. മക്കൾ: മുഹമ്മദ് ഇജ്ലാൻ, ഫാത്തിമ നിഷ്വ, മുഹമ്മദ് അസീം. സഹോദരങ്ങള്‍: ജലീല്‍, ഗഫൂര്‍ റിയാസ്.