എംജി വൈസ് ചാൻസലർ: പുതിയ പട്ടിക ഗവർണർക്ക് കൈമാറി
Saturday, June 3, 2023 1:52 AM IST
തിരുവനന്തപുരം: എംജി സർവകലാശാലയുടെ വൈസ് ചാൻസലർ കാലാവധി കഴിഞ്ഞിട്ടും പുതിയ വൈസ് ചാൻസലറെ നിയമിക്കാനുള്ള നടപടികൾ എങ്ങുമെത്താത്ത അവസ്ഥയിൽ.
ദിവസങ്ങളായി വൈസ് ചാൻസലറില്ലാതെയാണ് സർവകലാശാല പ്രവർത്തനം നടത്തുന്നത്. വൈസ് ചാൻസലർ സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം കാലാവധി അവസാനിച്ച ഡോ. സാബു തോമസിനു പുനർനിയമനം നല്കണമെന്ന ആവശ്യം സർക്കാർ ഗവർണർക്കു മുന്നിൽ ഉന്നയിച്ചിരുന്നെങ്കിലും ഗവർണർ അംഗീകരിച്ചില്ല.
താത്കാലിക വി.സിക്കായി പാനൽ നല്കാൻ ഗവർണർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഡോ. സാബു തോമസ് ഉൾപ്പെടെ മൂന്നു പേരുടെ പാനൽ താത്കാലിക വിസി പട്ടികയായി സർക്കാർ ഗവർണർക്ക് സമർപ്പിച്ചു. ഇതിൽ ആദ്യ പേര് ഡോ. സാബു തോമസിന്റേത് ആക്കിയാണ് ചാൻസലർക്ക് സർക്കാർ കൈമാറിയത്. എന്നാൽ സർക്കാർ നല്കിയ മൂന്നംഗ പാനൽ ഗവർണർ അംഗീകരിച്ചില്ല. ഇതോടെ ഡോ. സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പട്ടിക ഇന്നലെ സർക്കാർ ഗവർണർക്ക് നല്കി.
കഴിഞ്ഞ ടേമിലെ പി.വി സി യും സീനിയർ പ്രഫസറുമായ സി.ടി അരവിന്ദകുമാർ, ഡോ. കെ ജയചന്ദ്രൻ, ഡോ. പി. സുദർശനകുമാർ എന്നിവരാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പുതിയ പട്ടിക ഗവർണർക്ക് നല്കിയാതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും വ്യക്തമാക്കി. ഡോ. സാബു തോമസിന്റെ സേവനം തുടർന്നും സർവകലാശാലയ്ക്ക് വേണമെന്ന ആഗ്രഹമായിരുന്നു സർക്കാരിനുണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.