മധു വധക്കേസ്: അപ്പീലുള്പ്പെടെയുള്ളവ ഡിവിഷന് ബെഞ്ചിലേക്കു മാറ്റാന്‍ ഉത്തരവ്
Saturday, June 3, 2023 1:52 AM IST
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികള്‍ക്കു വിചാരണക്കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്നാരോപിച്ചു സര്‍ക്കാര്‍ നല്കിയ അപ്പീലുള്പ്പെടെയുള്ളവ ഡിവിഷന് ബെഞ്ചിലേക്കു മാറ്റാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രജിസ്ട്രിക്ക് നിര്‍ദേശം നല്കി. കൊലക്കേസുകളില്‍ അപ്പീല്‍ പരിഗണിക്കേണ്ടത് ഡിവിഷന് ബെഞ്ചാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ജസ്റ്റീസ് വി.ജി. അരുണിന്റെ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
2018 ഫെബ്രുവരി 22 നാണ് മോഷണക്കുറ്റം ആരോപിച്ചുള്ള മര്‍ദനത്തെ തുടര്‍ന്ന് അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ടത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ എസ്സി - എസ്ടി കേസുകളുടെ പ്രത്യേക കോടതി കൊലക്കുറ്റം ഒഴിവാക്കി മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി.
എസ്സി-എസ്ടി വിഭാഗങ്ങള്‍ക്കു നേരേയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കുറ്റങ്ങളും ഒഴിവാക്കി. കേസിലെ ഒന്നാം പ്രതി ഹുസൈനുള്പ്പെടെ 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും പിഴയും 16 -ാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
നാലാം പ്രതി അനീഷ്, 11 -ാം പ്രതി അബ്ദുള്‍ കരിം എന്നിവരെ വെറുതേ വിടുകയും ചെയ്തു. ഇതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്കിയതിനുപുറമേ ശിക്ഷാവിധിക്കെതിരേ ഹുസൈന് ഉള്‍പ്പെടെയുള്ള പ്രതികളും അപ്പീലുകള്‍ നല്‍കിയിരുന്നു. ഇവയാണ് ഇന്നലെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നത്. അപ്പീല്‍ അടുത്ത ചൊവ്വാഴ്ച ഡിവിഷന് ബെഞ്ച് പരിഗണിക്കും.