മോദി പൊള്ളയായ വാഗ്ദാനം നൽകി കർഷകരെ വഞ്ചിച്ചു: സുപ്രിയ ശ്രിനാതെ
Sunday, May 28, 2023 2:58 AM IST
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി പൊള്ളയായ വാഗ്ദാനം നൽകി രാജ്യത്തെ കർഷകരെ വഞ്ചിച്ചുവെന്നു എഐസിസി വക്താവ് സുപ്രിയ ശ്രിനാതെ.
2022 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു മോദി പറഞ്ഞു. എന്നാൽ, ഇന്ന് അവരുടെ പ്രതിദിനവരുമാനം വെറും 27 രൂപയാണ്. കാർഷിക ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവന്ന് അവരെ കൊള്ളയടിച്ചു. അവരുടെ ജീവിതനിലവാരം തകർത്തു. ചങ്ങാത്ത മുതലാളിമാർക്കു വേണ്ടിമാത്രമാണു മോദിയുടെ ഭരണം. തുറമുഖങ്ങളും വിമാനത്താവളങ്ങളും അദാനിക്കു മാത്രമായി വീതംവെച്ചു നൽകി.
അദാനി കന്പനിയുടെ ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പോലുമില്ല. ഇതുസംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി പറയാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും പത്രസമ്മേളനത്തിൽ സുപ്രിയ ശ്രിനാതെ പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതു കടുത്ത അനാദരവാണ്.രാജ്യത്തിന്റെ പ്രഥമ വനിതയും സർവ്വസൈന്യാധിപതിയുമാണ്. ഭരണഘടനയുടെ പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രിക്കും മുകളിലാണ് രാഷ്ട്രപതി. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു രാഷ്ട്രപതിക്ക് അയോഗ്യത കൽപ്പിച്ചതിൽനിന്നും ശ്രദ്ധതിരിക്കാനാണ് പുതിയവിവാദങ്ങൾ ബിജെപി ഉയർത്തുന്നതെന്നും ശ്രിനാതെ പറഞ്ഞു.