കമ്യൂണിസ്റ്റ്പാർട്ടിയെ സ്റ്റേജിൽ ട്രോളി രമേശ് പിഷാരടി
Saturday, May 27, 2023 1:04 AM IST
തൃശൂർ: യൂത്ത് കോണ്ഗ്രസ് സമ്മേളനവേദിയിൽ കാറൽ മാർക്സിനെ മുതൽ എം.വി. ഗോവിന്ദനെ വരെ ട്രോളി സിപിഎമ്മിനെ കണക്കിനു പരിഹസിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. വ്യാഴാഴ്ച നടത്തിയ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എവിടെയെങ്കിലും നിന്ന് തമാശ പറയാൻ പറ്റാത്ത കാലമാണിത്. കാരണം നമുക്കെതിരേ മത്സരത്തിനു വന്നിരിക്കുന്നത് വലിയ വലിയ നേതാക്കളാണ്. അവർക്കൊപ്പംനിന്ന് തമാശ പറഞ്ഞ് ചിരിക്കുക എന്നതു പ്രയാസമുള്ള കാര്യമാണെന്നും പിഷാരടി പരിഹസിച്ചു.
"ഉദാഹരണത്തിന് ഞാൻ സ്റ്റേജിൽ കയറി നല്ലൊരു തമാശ പറയുന്നതിന് മുന്പേ ആകാശത്തുകൂടി ഒരു വിമാനം പറന്നുപോയി. ഇതുകണ്ട് ആളുകൾ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. വിമാനത്താവളത്തിനെതിരേയുള്ള സമരത്തേക്കുറിച്ചാണോ എന്നൊക്കെ ആലോചിച്ച് നോക്കുന്പോൾ താണുപറക്കുന്ന വിമാനത്തിൽ ഇൻഡിഗോ എന്നെഴുതിവെച്ചിട്ടുണ്ട്. അത്ര പ്രത്യേകതയൊന്നുമില്ലാത്ത ആംഗ്യം കാണിച്ച് ആളുകളെ ശാന്തരാക്കി എന്റെ മിമിക്രി കേൾക്കണം എന്നുപറഞ്ഞു.
ഒരു ട്രെയിനിന്റെ ശബ്ദം അനുകരിക്കാം എന്നു പറഞ്ഞപ്പോൾ പിന്നെയും ആളുകൾ ചിരിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു ഞാൻ തമാശ പറയും അപ്പം ചിരിച്ചാൽ മതിയെന്ന്. അപ്പം എന്ന് കേട്ടതും അവർ പിന്നെയും ചിരിക്കാൻ തുടങ്ങി. ഒന്നും പറയാൻ പറ്റുന്നില്ല. ഞങ്ങളുടെ മേഖലയിൽ ടൈറ്റ് കോന്പറ്റീഷൻ നടക്കുകയാണ്.
ആരൊക്കെയാണ് തമാശയുടെ രംഗത്തേക്കിറങ്ങിയതെന്നതിനു കൈയും കണക്കുമില്ല. എ, ഐ പോലുള്ള ഗ്രൂപ്പുകളുണ്ടെങ്കിലും ഈ രണ്ടക്ഷരങ്ങൾ ചേർത്ത് ഒരു കാമറവച്ചപ്പോഴുണ്ടായ അത്ര പ്രശ്നങ്ങളൊന്നും ഇവിടെയില്ല’- പിഷാരടി പറഞ്ഞു.
"കമ്യൂണിസ്റ്റുകളുടെ സൈബർ ശക്തിയെക്കുറിച്ച് എനിക്കറിയില്ലെന്നാണ് പലരും ഇവിടെ പറയുന്നത്. പണ്ട് കംപ്യൂട്ടറിനെതിരേ നടത്തിയ സമരം വിജയിക്കാതെ പോയതുകൊണ്ട് ഇപ്പോൾ സൈബർ മുറി എന്നൊരു സ്ഥലമെങ്കിലുമുണ്ട്. കാലം ഇത്രയായിട്ടും അവർക്ക് കംപ്യൂട്ടറിനോടുള്ള ദേഷ്യം തീർന്നിട്ടില്ല. നിയമസഭയിൽ കംപ്യൂട്ടർ കണ്ടാൽ എടുത്തെറിയും’-പിഷാരടി പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ നിരവധി പേരാണു ഷെയർ ചെയ്യുന്നത്.