ഈ മലയാളി വൈദികനു സിംഹങ്ങൾ കാവൽദൂതർ
Sunday, April 2, 2023 1:04 AM IST
ജോയി കിഴക്കേൽ
തൊടുപുഴ: താപസ സന്യാസിനി പ്രസന്നാദേവിക്കു പിന്നാലെ ഗുജറാത്തിലെ ഗീർവനത്തിൽ ഏകാന്ത തപസുമായി മലയാളി വൈദികനും. ഇടുക്കി കൂന്പൻപാറ മാളിയേക്കൽ പരേതരായ ജോസഫ്-എലിക്കുട്ടി ദന്പതികളുടെ മകനായ ഫാ. ക്രിസ്താനന്ദാണ് പ്രസന്നാദേവി തപസിനായി തെരഞ്ഞെടുത്ത അതേ ആശ്രമത്തിൽ തപസ് അനുഷ്ഠിക്കുന്നത്.
നൂറുകണക്കിനു സിംഹങ്ങൾക്കു പുറമേ പുലി, കരടി, കാട്ടുപന്നി എന്നിവയെല്ലാം വിഹരിക്കുന്ന വനത്തിനുള്ളിൽ മനസും ശരീരവും ദൈവസന്നിധിയിൽ ചേർത്തുവച്ചു തപസിരിക്കുന്പോൾ പ്രകൃതിയും വന്യമൃഗങ്ങളുമെല്ലാം ഇദ്ദേഹത്തിനു സഹോദരതുല്യർ. മണ്ണുകൊണ്ടു നിർമിച്ച കൊച്ചുകുടിലിനു സ്നേഹദീപം എന്നാണ് പേരിട്ടിരിക്കുന്നത്.
ആശ്രമത്തിനരികിലൂടെ ഒഴുകുന്ന പുഴയിൽ വെള്ളം കുടിക്കാൻ വന്യമൃഗങ്ങൾ പതിവായി എത്തും. ആക്രമണകാരികളായ സിംഹവും പുലിയും കരടിയുമെല്ലാം ഈ ആശ്രമത്തിനു മുന്നിലെത്തിയാൽ ശാന്തരാകും. ഇതോടെ ആഗോള ശ്രദ്ധയിലേക്ക് ഈ ആശ്രമം കടന്നുവന്നിരിക്കുകയാണ്.
പുലർച്ചെ മൂന്നിനു ജപമാല പ്രാർഥനയോടെയാണ് ഫാ. ക്രിസ്താനന്ദിന്റെ ദിനചര്യകൾക്കു തുടക്കം. പിന്നീട് ധ്യാനത്തിൽ ലയിക്കും. തുടർന്നു കുരിശിന്റെ വഴി. അനുതാപത്തിന്റെ കണ്ണീരിൽ ജീവിതത്തെ സ്ഫുടം ചെയ്തെടുക്കുന്ന ധന്യനിമിഷങ്ങൾ. എല്ലാ ദിവസവും വൈകുന്നേരമാണ് വിശുദ്ധ കുർബാനയർപ്പണം. രാത്രി ഒന്പതുവരെയാണ് തപസ്. പിന്നീട് മൂന്നോ നാലോ മണിക്കൂറാകും ഉറക്കം. ഭക്ഷണം ഒരു നേരം മാത്രം. പഴങ്ങൾക്കൊപ്പം അരുവിയിലെ വെള്ളവും കുടിക്കും.
ഇടുക്കി കൂന്പൻപാറ ഇടവകാംഗമായ ഡീക്കൻ സെബാസ്റ്റ്യൻ 2003-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. പിന്നീടാണ് ഫാ. ക്രിസ്താനന്ദ് എന്ന പേരു സ്വീകരിച്ചത്. സിഎംഐ സഭയുടെ രാജ്കോട്ട് സെന്റ് സേവ്യേഴ്സ് പ്രോവിൻസിനു കീഴിലായിരുന്നു ആദ്യകാലങ്ങളിൽ ചെലവഴിച്ചിരുന്നത്.
പ്രസന്നാദേവി വാർധക്യസഹജമായ രോഗം ബാധിച്ചു തപസ് അവസാനിപ്പിച്ചതോടെയാണ് ഫാ. ക്രിസ്താനന്ദ് സഭയുടെ അനുമതിയോടെ പുതിയ ദൗത്യം ഏറ്റെടുത്തത്. ശനി, ഞായർ ദിവസങ്ങളിൽ മാത്രം ആശ്രമത്തിൽ സന്ദർശകർക്ക് അനുമതി നൽകിയിട്ടുണ്ട്. ഗുജറാത്തിൽനിന്നുള്ളവർക്കു പുറമേ മലയാളികളും വിദേശികളുമെല്ലാം ഇവിടെയെത്താറുണ്ട്.
ജുനഗഡിൽനിന്നു ഗ്രാമീണ പാതയിലൂടെ രണ്ടു കിലോമീറ്റർ വാഹനത്തിലും പിന്നീട് ദുഷ്കരമായ വനത്തിലൂടെ രണ്ടര കിലോമീറ്ററും നടന്നാൽ ആശ്രമത്തിലെത്താം. ജാതി-മത ഭേദമെന്യേ പ്രശ്നങ്ങളും നൊന്പരങ്ങളുമായി എത്തുന്നവർക്കു സാന്ത്വന വചസേകാനും പ്രാർഥിക്കാനുമായി ആഴ്ചയിൽ രണ്ടു ദിവസം അല്പനേരം ഇദ്ദേഹം മാറ്റിവയ്ക്കും. എല്ലാവരെയും ദൈവസന്നിധിയിൽ ചേർത്തുപിടിക്കുന്നതാണ് ദൈവാരാധന എന്നാണ് ഈ താപസ വൈദികന്റെ ജീവിത ദർശനം.