നെടുന്പാശേരിയിൽ 1.25 കോടിയുടെ സ്വർണം പിടികൂടി
Sunday, March 19, 2023 12:20 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ സ്വർണവേട്ട. ഒരേ യാത്രക്കാരനിൽനിന്നുതന്നെ രണ്ടിടങ്ങളിലായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം പിടിച്ചുവെന്നതും ആദ്യസംഭവമാണ്.
2.6 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. വിപണിയിൽ 1.25 കോടിയോളം രൂപ ഇതിനു വിലയുണ്ട്. അബുദാബിയിൽനിന്നു വന്ന മലപ്പുറം സ്വദേശി ഷഹീർ ആണ് ശരീരത്തിൽ രണ്ടിടത്തായി സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്നത്.
സ്വർണമിശ്രിതം നാലു കാപ്സ്യൂളുകളാക്കി ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നു. 1,158.55 ഗ്രാം സ്വർണമാണ് സഹീർ അനധികൃതമായി കടത്താൻ ശ്രമിച്ചത്.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച 636.85 ഗ്രാം കുഴമ്പുരൂപത്തിലാക്കിയാണ് കൊണ്ടുവന്നത്. വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചിരിക്കുകയായിരുന്നു. ഇൻഡിഗോ വിമാനത്തിൽ വന്നിറങ്ങിയ ഇയാൾ ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാനാണു ശ്രമിച്ചത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽനിന്നു വന്ന മലപ്പുറം സ്വദേശിയായ അബ്ദുൾ സലീമിൽനിന്ന് 873.98 ഗ്രാം സ്വർണം പിടികൂടി. സ്വർണം മിശ്രിതമാക്കി മൂന്ന് കാപ്സ്യൂളുകളിൽ നിറച്ചാണു കൊണ്ടുവന്നത്. കാപ്സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നു.