കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം പകുതിയായെന്ന് ഗതാഗതമന്ത്രി
Tuesday, July 5, 2022 12:15 AM IST
തിരുവനന്തപുരം: കോവിഡിന് ശേഷം കെഎസ്ആർടിസി ബസ് യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതായി ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്തു പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം പകുതിയായിട്ടുണ്ട്. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്നതിനിടയിലാണ് യാത്രക്കാരുടെ എണ്ണവും കുറഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണമുണ്ടെങ്കിൽ, നിലച്ചുപോയ സർവീസുകളടക്കം നഷ്ടം നോക്കാതെ ഓടിക്കാൻ കഴിയും.
ഇതോടെ നഷ്ടത്തിലുള്ള സർവീസുകൾ പുന:ക്രമീകരിക്കേണ്ടതായും ചിലതു നിർത്തേണ്ടതായും വന്നു. ഇന്ധനച്ചെലവു പോലും കിട്ടാത്തവയാണ് നിർത്തിയത്. ഭീമമായ നഷ്ടത്തിലല്ലാത്ത സർവീസുകൾ പുന:ക്രമീകരിച്ച് കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനാണ് ശ്രമം.
ഗ്രാമവണ്ടി പദ്ധതിയിൽ പങ്കാളിയായാൽ ഇരിക്കൂറിൽ നിർത്തലാക്കിയ കൂടുതൽ റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താൻ കഴിയുമെന്നും സജീവ് ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.