വിജയ് ബാബുവിനെതിരേ നടപടിയില്ല; ഷമ്മി തിലകനോട് വിശദീകരണം തേടും
Monday, June 27, 2022 12:29 AM IST
കൊച്ചി: പുതുമുഖനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ ചലച്ചിത്രതാര സംഘടനയായ അമ്മ ജനറല്‍ ബോഡിയില്‍ നടപടി ഉണ്ടായില്ല.
വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ എടുത്തുചാടി ഒരു തീരുമാനം എടുക്കാനാകില്ലെന്ന് അമ്മ ജനറല്‍ ബോഡി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവര്‍ വ്യക്തമാക്കി. ഇന്നലെ രാവിലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബുവും പങ്കെടുത്തു. അമ്മയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടന് ഷമ്മി തിലകനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചതായും അമ്മ ഭാരവാഹികള്‍ പറഞ്ഞു.
ഷമ്മിയുടെ ഭാഗം കൂടി കേട്ടശേഷമാകും തീരുമാനം. ഷമ്മിയെ പുറത്താക്കിയെന്ന വാര്‍ത്ത തള്ളിയ അമ്മ അദ്ദേഹം ഇപ്പോഴും സംഘടനയുടെ ഭാഗമാണെന്നും വ്യക്തമാക്കി.
ജനറല്‍ ബോഡിക്ക് പുറത്താക്കാനാകില്ല. അതിനുള്ള അധികാരം എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ഷമ്മിയെ കേട്ടശേഷം നടപടി എടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തും.