പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍, ബാനറുകൾ: പുതിയ സർക്കുലർ ജൂലൈ
ഏഴിനകം വേണമെന്ന് ഹൈക്കോടതി
Saturday, June 25, 2022 12:31 AM IST
കൊച്ചി: പാതയോരങ്ങളിലെ കൈവരികളിലും ട്രാഫിക് ഐലന്‍ഡുകളിലും കൊടി തോരണങ്ങളും ബാനറുകളും കെട്ടരുതെന്ന തരത്തില്‍ പുതിയ സര്‍ക്കുലര്‍ ഇറക്കണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്നും ഇതിനു രണ്ടു മാസം സമയം വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ ആവശ്യം നിരസിച്ച ഹൈക്കോടതി ജൂലൈ ഏഴിനകം ഉത്തരവു നടപ്പാക്കണമെന്നും അല്ലെങ്കില്‍ ചുമതലയുള്ള ഉദ്യോഗസ്ഥന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും വ്യക്തമാക്കി.
സെക്രട്ടറി തലത്തില്‍ ചെയ്യേണ്ട കാര്യമാണിത്. ഇതിനു മുഖ്യമന്ത്രിയുടെ അനുമതി തേടേണ്ടതില്ല. കാരണം കോടതി നല്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജൂലൈ ഏഴിനകം ഉത്തരവു നടപ്പാക്കണം -ഉത്തരവില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറയുന്നു.