എസ്എഫ്ഐ സംസ്ഥാന സമ്മേളനം പെരിന്തൽമണ്ണയിൽ
Saturday, May 21, 2022 1:40 AM IST
മലപ്പുറം : എസ്എഫ്ഐ 34-ാം സംസ്ഥാന സമ്മേളനം മേയ് 23 മുതൽ 27 വരെ പെരിന്തൽമണ്ണ ഏലംകുളത്ത് നടക്കും. 23ന് പതാക, ദീപശിഖ, കൊടിമര ജാഥകൾ പെരിന്തൽമണ്ണയിൽ സംഗമിക്കും.
മഹാരാജാസ് കോളജിലെ അഭിമന്യു രക്തസാക്ഷി കുടീരത്തിൽ നിന്നാണ് പതാകാജാഥയെത്തുക. 24ന് അരലക്ഷം വിദ്യാർഥികൾ അണിനിരക്കുന്ന റാലി നടക്കും. വൈകുന്നേരം നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 25, 26, 27 തിയതികളിൽ ഏലംകുളം ഇ.എം.എസ് സമുച്ചയത്തിലാണ് പ്രതിനിധി സമ്മേളനം.
എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ പ്രഫ. രാം പുനിയാനി ഉദ്ഘാടനം ചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാനകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 537 പേർ പങ്കെടുക്കും. 25ന് രാത്രി ഏഴിന് പഴയകാല നേതാക്കളുടെ സംസ്ഥാനതല സംഗമം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് ആറിനു രക്തസാക്ഷി കുടുംബസംഗമം സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.